ദലൈലാമ – ചൈന തര്‍ക്കം രൂക്ഷമാകുമ്പോള്‍ കരുതലോടെ ഇന്ത്യ. സന്യാസി സമൂഹത്തിനുള്ള പിന്തുണ തുടരുമെന്ന് വ്യക്തമാക്കുമ്പോള്‍ തന്നെ ചൈനയെ പ്രകോപിപ്പിക്കാതെ മുന്നോട്ടുപോകാനാണ് തീരുമാനം. പിറന്നാള്‍ ആഘോഷത്തില്‍ കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഏകചൈന നയത്തില്‍ മാറ്റംവരുത്തില്ലെന്നും വ്യക്തമാക്കുന്നു.
ടിബറ്റ് സ്വതന്ത്രരാജ്യമെന്ന നിലപാടിലാണ് ദലൈലാമയും ബുദ്ധ സന്യാസിമാരും. സെന്‍ട്രല്‍ ടിബറ്റ് അഡ്മിനിസ്ട്രേഷനും പാര്‍ലമെന്‍റും രൂപീകരിച്ച് സാങ്കല്‍പിക ഭരണം നടത്തുകയും ചെയ്യുന്നു. ഇതിന് എല്ലാ പിന്തുണയും ഇന്ത്യ നല്‍കുന്നുമുണ്ട്. എന്നാല്‍ ടിബറ്റ് സ്വതന്ത്ര രാജ്യമാണെന്നോ സെന്‍ട്രല്‍ ടിബറ്റ് അഡ്മിനിസ്ട്രേഷന്‍ ടിബറ്റിന്‍റെ ഔദ്യോഗിക ഭരണകൂടമാണെന്നോ ഇതുവരെ അംഗീകരിച്ചിട്ടില്ല. അതിന് കാരണം പതിറ്റാണ്ടുകളായി ഇന്ത്യ പിന്തുടരുന്ന ഏകചൈന നയമാണ്. തായ്‌വാനും ടിബറ്റും ഉള്‍പ്പെടെ ചൈനയുടെ ഭാഗമാണെന്ന് അംഗീകരിക്കുന്നു.
ചൈനയുമായുള്ള ബന്ധം ഏറെ മോശമായ സമയത്തും ഈ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല. ചൈനക്കാവട്ടെ ദലൈലാമയ്ക്ക് ഇന്ത്യ അഭയം നല്‍കുന്നതില്‍ ശക്തമായ എതിര്‍പ്പുണ്ടുതാനും. ഇന്ത്യയും ചൈനയും അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിച്ച് സമാധാനത്തിന്‍റെ പാതയിലേക്ക് വരുന്ന സമയത്താണ് ദലൈലാമ തൊണ്ണൂറാം പിറന്നാള്‍ ആഘോഷിക്കുന്നത്. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാര്‍ കരുതലോടെയാണ് നീങ്ങുന്നത്.
പിറന്നാള്‍ ആഘോഷത്തിന് കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ കിരണ്‍ റിജിജുവും രാജീവ് രഞ്ജന്‍ സിങ്ങും പങ്കെടുക്കുന്നുണ്ട്. എന്നാല്‍ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതില്‍ ദലൈലാമയും ചൈനയും തമ്മിലുള്ള തര്‍ക്കത്തില്‍ പക്ഷം പിടിക്കേണ്ടെന്ന നിലപാടിലാണ് കേന്ദ്രം. ദലൈലാമയുടെ അഭിപ്രായമാണ് അന്തിമമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞെങ്കിലും ചൈനയുടെ പ്രതിഷേധത്തിന് പിന്നാലെ നിലപാട് മയപ്പെടുത്തിയത് പ്രകോപനത്തിനില്ലെന്ന് വ്യക്തമാക്കുന്നു.