വീട്ടില്‍ നിന്ന് പണം കണ്ടെത്തിയ കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയെ പുറത്താക്കാന്‍ നീക്കം. ഈ മാസം 21ന് ആരംഭിക്കുന്ന പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ പ്രമേയം കൊണ്ടുവന്നേക്കും. പ്രതിപക്ഷവും പുറത്താക്കല്‍ പ്രമേയത്തെ പിന്തുണച്ചേക്കും.
വീട്ടില്‍നിന്ന് കത്തിയ നിലയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജിയും നിലവില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് യശ്വന്ത് വര്‍മയെ പുറത്താക്കാനാണ് സര്‍ക്കാര്‍ നീക്കം. ഈ മാസം 21 ന് തുടങ്ങുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പ്രമേയം കൊണ്ടുവന്നേക്കും. പാര്‍ലമെന്‍റരികാര്യ മന്ത്രി കിരണ്‍ റിജിജു കോണ്‍ഗ്രസ്, ടി.എം.സി, ഡി.എം.കെ. തുടങ്ങിയ പ്രതിപക്ഷപാര്‍ട്ടികളുമായി ചര്‍ച്ച നടത്തി. ലോക്സഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ 100 എം.പിമാരുടെയും രാജ്യസഭയില്‍ 50 എംപിമാരുടെയും ഒപ്പ് ആവശ്യമാണ്. ജസ്റ്റിസ് വര്‍മയെ നീക്കുന്നതില്‍ പ്രതിപക്ഷത്തിനും എതിര്‍പ്പില്ലെന്നാണ് സൂചന. പ്രമേയം അവതരിപ്പിച്ചുകഴിഞ്ഞാല്‍ മൂന്നംഗ സമിതിയെ നിയോഗിക്കും. സുപ്രീംകോടതി ജഡ്ജി, ഏതെങ്കിലും ഹൈക്കോടതി ജഡ്ജി, നിയമവിദഗ്ധന്‍ എന്നിവരാണ് സമിതിയില്‍ ഉണ്ടാവുക. സമിതി റിപ്പോര്‍ട്ട് നല്‍കിയ ശേഷം തുടര്‍നടപടികള്‍ ആരംഭിക്കും. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരിക്കെ മാര്‍ച്ച് 13 നാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.