ഏറെ പ്രിയപ്പെട്ട അധ്യാപകര്‍ വിട പറയുമ്പോള്‍ അവരെ കണ്ണീരോടെ യാത്രയാക്കിയ ഒരനുഭവമെങ്കിലും നമ്മുടെയെല്ലാം പഠനകാലത്ത് കാണും.എന്നാല്‍ ഏറെ പ്രിയപ്പെട്ട ഒരധ്യാപക സ്ഥലം മാറിപ്പോകുമ്പോള്‍ ഒരു ഗ്രാമം തന്നെ കണ്ണീരണിഞ്ഞ് യാത്രയാക്കിയാലോ?.അത്തരമൊരു വൈകാരികമായ നിമിഷത്തിനാണ് ബിഹാറിലെ മുസാഫിര്‍പുരിയിലെ ഒരു വിദ്യാലയം വേദിയായത്.
മുസാഫിര്‍പുരിലെ ആദര്‍ശ് മധ്യ സ്കൂളിലെ അധ്യാപികയായ രേഖ 22 വര്‍ഷത്തെ സേവനത്തിന് വിരാമമിട്ട് വിട പറഞ്ഞപ്പോഴാണ് ആ നാടൊന്നാകെ തങ്ങളുടെ പ്രിയപ്പെട്ട ടീച്ചര്‍ക്ക് വൈകാരികമായ യാത്രയപ്പ് നല്‍കിയത്. ഈ ഹൃദയഹാരിയായ യാത്രയയപ്പിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.അഭിനവ് എന്ന കോണ്ടന്‍റ് ക്രിയേറ്ററാണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
‘.ഈ ഗ്രാമത്തില്‍ ഒരു അധ്യാപികയുണ്ട്. ഒരു ഗ്രാമം ഒന്നടങ്കം സ്നേഹിക്കുന്ന ഒരധ്യാപിക. വിദ്യാഭ്യാസം നേടേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് 22 വർഷത്തോളം ആദർശ് മധ്യ വിദ്യാലയത്തിലെ വിദ്യാർഥികളെ അവര്‍ പഠിപ്പിച്ചു. ഇത് രേഖ മാഡത്തിന്റെ കഥയാണ്. 22 വർഷത്തിനു ശേഷം ഈ വിദ്യാലയത്തിൽ നിന്ന് അവർക്കു സ്ഥലംമാറ്റം ലഭിച്ചിരിക്കുകയാണ്.’– എന്ന കുറിപ്പോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ടീച്ചര്‍ക്ക് യാത്രയയപ്പ് നല്‍കാനായി ആ ഗ്രാമം മൊത്തം സ്കൂള്‍മുറ്റത്തേക്ക് ഒഴുകിയെത്തി. 22 വര്‍ഷം തങ്ങളുടെ ഗ്രാമത്തിന് അക്ഷരവെളിച്ചം പകര്‍ന്ന പ്രിയ അധ്യാപികയെ യാത്രയയച്ചപ്പോള്‍ അവര്‍ക്ക് കണ്ണീരടക്കാനായില്ല..ടീച്ചറുടെ പൂര്‍വവിദ്യാര്‍ഥികളുള്‍പ്പെടെ എല്ലാതിരക്കുകളും മാറ്റിവെച്ച് യാത്രയയപ്പ് സമ്മേളനത്തിനെത്തി.
പൂക്കള്‍ വെച്ച് അലങ്കരിച്ച ജീപ്പിലാണ് ഗ്രാമവാസികളും പൂര്‍വവിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും വിദ്യാര്‍ഥികളും ചേര്‍ന്ന് അവര്‍ക്ക് യാത്രയയപ്പ് നല്‍കിയത്.‘ഞങ്ങള്‍ ടീച്ചറെ മിസ് ചെയ്യും’ എന്നെഴുതിയ പ്ലക്കാര്‍ഡുകളും അവരുടെ കൈകളിലുണ്ടായിരുന്നു.
‘ഈ സ്ഥലത്തേക്ക് ആദ്യമായി വരുമ്പോൾ ഇവിടേക്ക് എന്നെ ജോലിക്കു പറഞ്ഞയച്ചതിന് എന്റെ പിതാവിനോടു ഞാൻ ദേഷ്യപ്പെട്ടിരുന്നു. ഇന്ന് ഈ കാഴ്ചകാണാൻ അദ്ദേഹമില്ലല്ലോ എന്നത് എന്നെ ദുഃഖിപ്പിക്കുന്നു.’– എന്ന് രേഖ പറഞ്ഞു.
ചില ആളുകള്‍ക്ക് പ്രശസ്തി നേടാന്‍ സമൂഹമാധ്യമങ്ങളുടെ ആവശ്യമില്ല എന്ന് പറഞ്ഞാണ് അഭിനവ് തന്‍റെ വിഡിയോ അവസാനിപ്പിക്കുന്നത്. നിരവധി പേരാണ് വിഡിയോയ്ക്ക് കമന്‍റുകളുമായെത്തിയത്. ‘അറിവുപകരുക മാത്രമല്ല. ഗ്രാമത്തിന്‍റെ മുഴുവന്‍ സ്നേഹവും വിശ്വാസ്യതയും അവര്‍ നേടിയെടുത്തു’.‘ ഒരധ്യാപിക എന്ന നിലയില്‍ ഇനി മറ്റെന്ത് വേണം’ ഇങ്ങനെ പോകുന്നു കമന്‍റുകള്‍.