Remains of the crashed Air India plane lie on a building, in Ahmedabad

അഹമ്മദാബാദ് വിമാനദുരന്തത്തിന്‍റെ കാരണങ്ങളെ ചൊല്ലിയുള്ള അവ്യക്തതകള്‍ നീങ്ങുന്നുവെന്ന് സൂചന. എയര്‍ ഇന്ത്യ നടത്തിയ ഫ്ലൈറ്റ് സിമുലേറ്റര്‍ പഠനത്തില്‍ നിര്‍ണായക കണ്ടെത്തലുണ്ടെന്നായെന്നാണ് പുറത്തുവരുന്ന വിവരം. സാങ്കേതിക തകരാറാണ് 270ലേറെപ്പേരുടെ ജീവനെടുത്ത വന്‍ദുരന്തത്തിന് കാരണമായതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സിമുലേഷന്‍ പഠനത്തിന്‍റെ ഭാഗമായി പൈലറ്റുമാര്‍ ലാന്‍ഡിങ് ഗിയര്‍ പ്രവര്‍ത്തന ക്ഷമവും വിങ് ഫ്ലാപുകള്‍ വിടര്‍ത്തിയും വച്ചു. എന്നാല്‍ ഇങ്ങനെ മാത്രം സംഭവിച്ചാല്‍ വിമാനം തകരില്ലെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. അങ്ങനെയെങ്കില്‍ ഇത് വിരല്‍ചൂണ്ടുന്നത്, വിമാനത്തിന്‍റെ രണ്ട് എന്‍ജിനുകളും ഒരേ സമയം പ്രവര്‍ത്തനരഹിതമായെന്നതിലേക്കാണ്. എന്നാല്‍ സിമുലേറ്റര്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിലെ കണ്ടെത്തലുകളെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായില്ല. ഇതെല്ലാം നിഗമനങ്ങള്‍ മാത്രമാണെന്നും ഔദ്യോഗികമായി പ്രതികരിക്കാന്‍ ആയിട്ടില്ലെന്നുമാണ് എയര്‍ ഇന്ത്യയുടെ നിലപാട്. 

വിമാനം തകര്‍ന്ന് വീഴുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പുള്ള വിഡിയോകളില്‍ നിന്നും തകര്‍ന്ന അവശിഷ്ടങ്ങളില്‍ നിന്നും വ്യക്തമായത് ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിന്‍റെ ഫ്ലാപുകള്‍ പുറത്തേക്ക് വിടര്‍ന്ന നിലയിലായിരുന്നുവെന്നും അകത്തേക്കായിരുന്നില്ലെന്നുമാണ്. വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാന്‍ഡ് ചെയ്യുമ്പോഴും വിമാനത്തിന് അധിക ലിഫ്റ്റ് നല്‍കുന്നത് ഫ്ലാപുകളാണ്. 

രണ്ട് എന്‍ജിനുകളും തകരാറിലായതാവും ദുരന്തമുണ്ടാക്കിയതെന്ന് മുന്‍ യുഎസ് വ്യോമസേന പൈലറ്റായ ക്യാപ്റ്റന്‍ സ്റ്റീവ് ഉള്‍പ്പടെയുള്ളവര്‍ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനത്തില്‍ റാറ്റ് ( Ram Air Turbine) പ്രവര്‍ത്തനക്ഷമമായിരുന്നു. ഈ അവസ്ഥ രണ്ട് എന്‍ജിനുകളും തകരാറിലാകുമ്പോഴാണ് സംഭവിക്കുന്നതെന്നായിരുന്നു ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്റ്റ്ീവ് അഭിപ്രായപ്പെട്ടിരുന്നത്. 

എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ അന്വേഷണത്തിന് പുറമെയാണ് നിലവിലെ സിമുലേഷന്‍ പഠനം എയര്‍ ഇന്ത്യ നടത്തിയത്. ദുരന്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്തെല്ലാമാകാമെന്ന് അറിയുന്നതിനായിട്ടായിരുന്നു പഠനമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കുന്നു. ക്രാഷ് ഫുട്ടേജുകള്‍ വിശകലനം ചെയ്ത എയര്‍ ഇന്ത്യ പൈലറ്റുമാര്‍ ലാന്‍ഡിങ് ഗിയര്‍ ഭാഗികമായി മുന്നോട്ടാഞ്ഞിരിക്കുന്നത് കണ്ടെത്തിയിരുന്നു. എന്നാല്‍ ലാന്‍ഡിങ് ഗിയറിന്‍റെ വാതിലുകള്‍ തുറന്ന നിലയില്‍ ആയിരുന്നില്ല. ഇത് വിരല്‍ ചൂണ്ടുന്നത്, വിമാനത്തിന് വൈദ്യുതി നഷ്ടമോ ഹൈഡ്രോളിങ് തകരാറോ സംഭവിച്ചുവെന്നാണ്. ഇത് രണ്ടും എന്‍ജിന‍് തകരാറിലാണെന്ന് വ്യക്തമാക്കുന്നുവെന്നും പൈലറ്റുമാര്‍ അഭിപ്രായപ്പെടുന്നു. 

വിമാനത്തില്‍ നിന്ന് വീണ്ടെടുത്ത ബ്ലാക് ബോക്സുകള്‍ നിലവില്‍ ഡല്‍ഹിയിലെ ലബോറട്ടറിയിലാണുള്ളത്. ഇതില്‍ നിന്നുള്ള വിവരങ്ങള്‍ പൂര്‍ണമായും അന്വേഷണ സംഘം ശേഖരിക്കുകയും ചെയ്തിരുന്നു. ഈ വിവരങ്ങള്‍ കൂടി പുറത്തുവരുന്നതോടെ അപകട കാരണത്തിലെ ദുരൂഹത നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ജൂണ്‍ 12 ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ശേഷം അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന്  പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ലണ്ടന്‍ വിമാനം 36 സെക്കന്‍റുകള്‍ക്കുള്ളില്‍ വിമാനത്താവളത്തിനടുത്തുള്ള മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. 241 യാത്രക്കാരും പ്രദേശത്തുണ്ടായിരുന്ന 34 പേരുമാണ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്. 11 എ സീറ്റിലിരുന്ന ബ്രിട്ടീഷ് പൗരനായ വിശ്വാസ്കുമാറെന്നയാള്‍ മാത്രമാണ് വിമാനത്തിലുണ്ടായിരുന്നവരില്‍ ജീവനോടെ ശേഷിച്ചത്.

ENGLISH SUMMARY:

Uncertainty around the Ahmedabad plane crash clears slightly as a Bloomberg report, citing high-level sources, details an Air India simulator study. The study indicates a technical malfunction, specifically the simultaneous failure of both engines, as the probable cause, aligning with expert opinions on the Boeing 787 Dreamliner crash