up-lady

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍നിന്ന് ദലിത് യുവതിയെ കേരളത്തിലെത്തിച്ച് മതംമാറ്റാന്‍ ശ്രമിച്ചതായി ആരോപണം. മേയ് 11 ന് തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍നിന്ന് കണ്ടെത്തിയ പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് യു.പി. പൊലീസില്‍ പരാതിനല്‍കിയത്. തട്ടിക്കൊണ്ടുപോകലോ മതംമാറ്റമോ നടന്നതായി പെണ്‍കുട്ടി പരാതിപ്പെട്ടിട്ടില്ലെന്ന് റെയില്‍വെ പൊലീസും കേരള പൊലീസും അറിയിച്ചു.

മേയ് എട്ടിനാണ് പ്രയാഗ്‌രാജിലെ ഫുല്‍പുരില്‍നിന്ന് 15 വയസുള്ള പെണ്‍കുട്ടിയെ കാണാതായത്. ഇതേക്കുറിച്ച് ഫുല്‍പുര്‍ പൊലീസിന്‍റെ ഭാഷ്യം ഇങ്ങനെയാണ്. അയല്‍വാസിയായ മറ്റൊരു മതത്തില്‍പെട്ട പെണ്‍കുട്ടിയും യുവാവും മകളെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് ഗുഡ്ഡീദേവി എന്ന സ്ത്രീ പരാതി നല്‍കി. അന്വേഷണത്തില്‍ പെണ്‍കുട്ടിയെ യുവാവ് പീഡിപ്പിച്ചെന്നും കേരളത്തില്‍ മതംമാറ്റ കേന്ദ്രത്തില്‍ എത്തിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയാക്കി എന്നും കണ്ടെത്തി. മതംമാറ്റ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തി അമ്മയെ ഫോണില്‍ വിളിച്ചു. തുടര്‍ന്ന് രക്ഷിതാക്കളെത്തി കുട്ടിയെ നാട്ടിലേക്ക് തിരികെ കൊണ്ടുപോയി. തട്ടിക്കൊണ്ടുപോയ യുവതിയെയും യുവാവിനെയും അറസ്റ്റ് ചെയ്തെന്നും ഫുല്‍പുര്‍ പൊലീസ് പറയുന്നു.

എന്നാല്‍ ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് റെയില്‍വെ പൊലീസും കേരള പൊലീസും പറയുന്നത്. മേയ് പതിനൊന്നിന് തൃശൂർ – ഷൊർണൂർ പാസഞ്ചറില്‍ നിന്ന് രണ്ടു പെൺകുട്ടികളും ഒരു യുവാവും പ്ലാറ്റ്ഫോമിലേക്ക് ചാടുന്നത് ആ‍ർ.പി.എഫ്. എസ്.ഐ. കണ്ടു. മൂന്നു പേരേയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തപ്പോള്‍ പ്രയാഗ്‌രാജില്‍നിന്ന് തൊഴില്‍ അന്വേഷിച്ച് വന്നതാണെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. യുവാവിനെ ട്രെയിനില്‍ നിന്ന് പരിചയപ്പെട്ടതാണെന്നും അറിയിച്ചു. തുടര്‍ന്ന് യുവാവിൻെറ പേരും വിലാസവും എഴുതി വാങ്ങി വിട്ടയച്ചു. പെണ്‍കുട്ടികളെ അനാഥമന്ദിരത്തിലാക്കി. ജൂൺ 23നും 28നുമായി രണ്ടു പെൺകുട്ടികളുടേയും ബന്ധുക്കൾ തൃശൂരിൽ എത്തി കൊണ്ടുപോയി. അനാഥ മന്ദിരത്തിൽ കഴിയുമ്പോഴോ ആർ.പി.എഫ്. പിടിച്ചപ്പോഴോ മതമാറ്റത്തിൻറെ കഥ പറഞ്ഞിട്ടില്ല. സമാന്തരമായി നടത്തിയ അന്വേഷണത്തിലും ആരോപണം സാധൂകരിക്കുന്ന തെളിവ് ലഭിച്ചില്ല എന്ന് തൃശൂര്‍ പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY:

A Dalit woman from Prayagraj in Uttar Pradesh was allegedly brought to Kerala in an attempt to convert her religion. The girl was found at the Thrissur railway station on May 11, and her parents filed a complaint with the UP Police. However, both the Railway Police and Kerala Police stated that the girl did not lodge any complaint regarding abduction or religious conversion