മഹാരാഷ്ട്രയിൽ കത്തുന്ന പ്രതിഷേധങ്ങൾക്കൊടുവിൽ പൊതുവിദ്യാലയങ്ങളിലെ പ്രൈമറി ക്ലാസുകളിൽ ഹിന്ദി പഠിപ്പിക്കണമെന്ന ഉത്തരവ് സർക്കാർ പിൻവലിച്ചു.തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മറാത്ത വികാരം എതിരാകുമെന്ന ആശങ്കയ്ക്കിടെയാണ് നടപടി. ഉദ്ധവ് താക്കറെയുടെ ശിവസേനയും മഹാരാഷ്ട്ര നവ നിർമ്മാണ്‍ സേനയും മറാത്ത വികാരം ആളിക്കത്തിക്കാൻ സർക്കാരിനെതിരെ ഒന്നിക്കുന്നത് തടയാനുള്ള നീക്കം കൂടിയായിരുന്നു ഇത്.
പൊതു വിദ്യാലയങ്ങളിൽ തന്ത്രപൂർവം ഹിന്ദി മൂന്നാംഭാഷയായി അടിച്ചേൽപ്പിക്കാനുള്ള ബിജെപിയുടെ സർജിക്കൽ സ്ട്രൈക്ക് ആണ് പ്രതിപക്ഷ പ്രതിഷേധത്തിൽ തകർന്ന് പോയത്. പ്രതിഷേധം ആളിക്കത്തിക്കാൻ ശിവസേനയായിരുന്നു മുന്നിൽ. ഉദ്ധവ് താക്കറെ സർക്കാർ ഉത്തരവ് പരസ്യമായി കീറിക്കളയുകയും കത്തിക്കുകയും ചെയ്‌തു. സർക്കാരിൻ്റെ ഭാഷാ ഉപദേശക സമിതി തീരുമാനം പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു. അപകടം മണത്ത ഭരണകൂടം ഉത്തരവ് പിൻവലിച്ച് തലയൂരി.
ഇത് മറാഠി ഐക്യത്തിൻ്റെ വിജയമാണെന്നും താക്കറെമാർ ഒരുമിച്ചുവരുന്നതിനെ സർക്കാർ ഭയന്നുവെന്നും ശിവസേനയും (ഉദ്ധവ്) മഹാരാഷ്ട്ര നവനിർമാൺ സേനയും സംയുക്‌തമായി നടത്താനിരുന്ന പ്രതിഷേധ റാലി ഒഴിവാക്കിയതായും ശിവസേന (UBT) നേതാവ് സഞ്ജയ് റാവുത്ത് അറിയിച്ചു. അതിനിടെ ഭരണകക്ഷിയായ ശിവസേന ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിന്റെ മൗനം വലിയ വിമര്‍ശനത്തിനും വഴിവച്ചിട്ടുണ്ട്.