79-ാമത് ബാഫ്റ്റ പുരസ്കാര വേദിയിൽ അവതാരകയായി അരങ്ങേറ്റം കുറിച്ച നടി ആലിയ ഭട്ട്, സിനിമയുടെ ഭാഷ സാർവത്രികമാണെന്ന് ഓർമിപ്പിച്ചുകൊണ്ട് തന്റെ സംഭാഷണം ഹിന്ദിയിൽ തുടങ്ങി ആരാധകരെ അമ്പരപ്പിച്ചു. ഞായറാഴ്ച നടന്ന ചടങ്ങിൽ, മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനുള്ള പുരസ്കാരം സമ്മാനിക്കാനാണ് ആലിയ വേദിയിലെത്തിയത്. നോർവീജിയൻ സംവിധായകൻ യോക്കിം ട്രിയറിന്റെ 'സെന്റിമെന്റല്‍ വാല്യു' എന്ന ചിത്രത്തിനായിരുന്നു പുരസ്കാരം.
"നമസ്കാർ! അഗലാ അവാർഡ് ഏക് ഐസി ഫിലിം കേലിയേ ഹേ, ജോ അംഗ്രേസി മേം നഹീ ഹേ," എന്ന് പറഞ്ഞാണ് ആലിയ തുടങ്ങിയത്. തുടർന്ന് സദസ്സിനോടായി അവർ പറഞ്ഞു: "ഉടൻ സബ്ടൈറ്റിലുകൾ തിരയേണ്ട. അടുത്ത പുരസ്കാരം ഇംഗ്ലീഷ് ഭാഷയിലല്ലാത്ത ഒരു സിനിമയ്ക്കാണെന്ന് ഹിന്ദിയിൽ പറയുക മാത്രമാണ് ഞാൻ ചെയ്തത്. കാരണം, സിനിമ എണ്ണമറ്റ സ്വരങ്ങളിൽ സംസാരിക്കുമെങ്കിലും നമ്മളെപ്പോഴും ആഘോഷിക്കുന്നത് സിനിമയുടെ ഭാഷയാണ്. ആ ഭാഷയാകട്ടെ, നാമെല്ലാവരും ഒഴുക്കോടെ സംസാരിക്കുന്നതുമാണ്. അവിശ്വസനീയമായ നോമിനികൾ ഇവരാണ്," എന്നും താരം കൂട്ടിച്ചേർത്തു. ഓസ്കറിൽ ഒന്നിലധികം വിഭാഗങ്ങളിൽ നാമനിർദേശം ലഭിച്ചിട്ടുള്ള 'സെന്റിമെന്റല്‍ വാല്യു', ബാഫ്റ്റ പുരസ്കാരം നേടുന്ന ആദ്യത്തെ നോർവീജിയൻ ചിത്രമെന്ന നേട്ടവും സ്വന്തമാക്കി.
കിലിയൻ മർഫി, ഈതൻ ഹോക്ക്, ഗില്ലിയൻ ആൻഡേഴ്സൺ, ഗ്ലെൻ ക്ലോസ്, ഹന്നാ വാഡിങ്ഹാം, മോണിക്ക ബെലൂച്ചി, റെഗെ-ജീൻ പേജ്, തുടങ്ങിയവരും ബാഫ്റ്റയില്‍ പുരസ്കാരം പ്രഖ്യാപിക്കാനെത്തി.