ahmedabad-air-india-crash-black-box-recovered

അഹമ്മദാബാദ് വിമാനാപകടത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ബ്ലാക് ബോക്സിലെ വിവരങ്ങള്‍ പൂര്‍ണമായും ഡൗണ്‍ലോഡ് ചെയ്തെടുത്തതായി ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് വിമാനാപകടത്തിന്‍റെ അന്വേഷണത്തിൽ  ഐക്യരാഷ്ട്ര സഭയുടെ അന്വേഷകനെ അനുവദിക്കില്ലെന്ന എയര്‍ ഇന്ത്യയുടെ തീരുമാനം പുറത്തുവരുന്നത്. രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിറ്റേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിമാനാപകടത്തെ തുടര്‍ന്നുള്ള അന്വേഷണങ്ങളില്‍ സഹായം നൽകാനായി തങ്ങളുടെ അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാളെ അയക്കാമെന്ന് അറിയിച്ച് ഈ ആഴ്ച ആദ്യമാണ് ഐക്യരാഷ്ട്രസഭയുടെ വ്യോമയാന ഏജൻസി രംഗത്തെത്തിയത്. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ഇന്ത്യയിലുള്ള തങ്ങളുടെ അന്വേഷകന് നിരീക്ഷക പദവി നൽകണമെന്നാണ് ആവശ്യപ്പെട്ടത്. പക്ഷേ രാജ്യത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അത് നിരസിച്ചതായാണ് വൃത്തങ്ങള്‍ പറയുന്നത്. അപകടത്തെ കുറിച്ച് നിലവില്‍ അന്വേഷിക്കുന്ന എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും മറുപടി നൽകിയില്ലെന്നാണ് റിപ്പോര്‍ട്ട്. ടൈംസ് നൗ ആണ് ഇക്കാര്യം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. 

എന്നാല്‍ ഇതാദ്യമായല്ല വിമാനാപകടങ്ങളില്‍ യുഎന്‍ ഇടപെടുന്നത്. മുന്‍പ് 2014 ൽ ഒരു മലേഷ്യൻ വിമാനം തകർന്നപ്പോളും 2020 ൽ ഒരു യുക്രേനിയൻ ജെറ്റ്‌ലൈനർ തകർന്നപ്പോളും അന്വേഷണത്തിന് ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ അന്വേഷകരെ വിന്യസിച്ചിരുന്നു. ഈ സന്ദര്‍ഭങ്ങളില്‍ അപകടം അന്വേഷിച്ചിരുന്ന ഏജന്‍സികള്‍ തന്നെ ഐക്യരാഷ്ട്രസഭയോട് സഹായം അഭ്യര്‍ഥിച്ചിരുന്നു.

ബ്ലാക് ബോക്സിലെന്ത്? കാലതാമസത്തിന് വിമര്‍ശനം

ഒരു വിമാനാപകടത്തില്‍ അന്വേഷണത്തിന് നിര്‍ണായകമാകുന്ന ഒന്നാണ് ബ്ലാക് ബോക്സിലെ വിവരങ്ങള്‍. അഹമ്മദാബാദ് അപകടത്തില്‍ ബ്ലാക് ബോക്സ് വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിലെ കാലതാമസത്തിന് ചില വിദഗ്ദരെങ്കിലും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അപകടം സംഭവിച്ച് രണ്ടാഴ്ച കഴിഞ്ഞ് ഇന്നലെയാണ് അന്വേഷകർ ഫ്ലൈറ്റ് റെക്കോർഡർ ഡാറ്റ ഡൗൺലോഡ് ചെയ്തത്. അപ്പോളും റെക്കോർഡറുകൾ ഇന്ത്യയിലാണോ അതോ യുഎസിലാണോ പ്ലേ ചെയ്യുന്നത് എന്നതിനെക്കുറിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഫ്ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍, കോക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ എന്നിവ ഉള്‍പ്പെട്ട ബ്ലാക് ബോക്സിന് ദുരന്തത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു ഇതോടെയാണ് ഫൊറന്‍സിക് പരിശോധനയ്ക്കായി ബ്ലാക് ബോക്സ് യുഎസിലേക്ക് അയയ്ക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്.

air-india

നിലവില്‍ മെമ്മറി മൊഡ്യൂള്‍, ക്രാഷ് പ്രൊട്ടക്ഷന്‍ മൊഡ്യൂള്‍ എന്നിവ വിജയകരമായി എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വീണ്ടെടുത്തുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കോക്പിറ്റിനുള്ളിലെ സംസാരങ്ങള്‍, വിമാന ജീവനക്കാരുടെ പ്രതികരണങ്ങള്‍, പശ്ചാത്തലത്തിലെ ശബ്ദങ്ങള്‍ എന്നിവയാണ് സിവിആറില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍. എഫ്ഡിആറില്‍ നിന്നും വിമാനം അപകടത്തില്‍പ്പെടുന്ന സമയത്തെ മര്‍ദം, കാറ്റിന്‍റെ വേഗം , ഫ്ലൈറ്റ് കണ്‍ട്രോള്‍ ഇന്‍പുട്സ്, എന്‍ജിന്‍റെക്ഷമത  എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങളും ലഭിക്കും. അടിയന്തര സന്ദേശത്തില്‍ ക്യാപ്റ്റന്‍ സബര്‍വാള്‍ പറഞ്ഞതെന്താണെന്നാണ് ഏറ്റവും നിര്‍ണായകമായ മറ്റൊരു വിവരം.

ENGLISH SUMMARY:

Air India has refused to allow a UN investigator to participate in the probe into the recent Ahmedabad plane crash, despite offers of assistance from the UN’s aviation agency, ICAO. Two senior officials confirmed the decision, as reported by Reuters. ICAO had requested observer status for one of its investigators, a move seen in previous aviation disasters like the 2014 Malaysia Airlines and 2020 Ukrainian jetliner crashes. India’s Aircraft Accident Investigation Bureau declined to comment. The crash’s black box data has been fully downloaded, aiding the ongoing domestic investigation.