സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കാനായി റീല്‍ ചിത്രീകരിക്കുന്നതിനിടെ യുവതി കെട്ടിടത്തിന്‍റെ പതിമൂന്നാം നിലയില്‍ നിന്ന് വീണുമരിച്ചു. ബെംഗളൂരുവിലെ പരപ്പന അഗ്രഹാരയിലാണ് സംഭവം. രാത്രി വൈകി നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്ന കെട്ടിടത്തില്‍ ഒരു പാര്‍ട്ടി നടന്നിരുന്നു. ഇതിനിടെയാണ് ദാരുണസംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇരുപത് വയസ്സ് മാത്രമുള്ള ഒരു യുവതിയാണ് മരണപ്പെട്ടത്.
കൂട്ടുകാര്‍ക്കൊപ്പമാണ് യുവതി ഇവിടെ പാര്‍ട്ടിക്കെത്തിയത്. പാര്‍ട്ടിക്കിടെ ഇവര്‍ക്കിടയില്‍ ചില പ്രശ്നങ്ങളുണ്ടായി. പ്രണയബന്ധത്തെക്കുറിച്ചുള്ള തര്‍ക്കമായിരുന്നു ഇത്. കൂട്ടുകാര്‍ തര്‍ക്കിച്ച് നില്‍ക്കുന്നതിനിടെ റീല്‍ ചിത്രീകരിക്കാനായി യുവതി ടെറസിലേക്ക് ഓടിക്കയറി. റീല്‍ ചിത്രീകരിക്കുന്നതിനിടെയാണ് യുവതി കാല്‍വഴുതി താഴേക്ക് വീണത്. തൊട്ടുപിന്നാലെ കൂട്ടുകാരെല്ലാം സ്ഥലം കാലിയാക്കി.
ബീഹാര്‍ സ്വദേശിയാണ് മരണപ്പെട്ട യുവതി. നഗരത്തിലെ ഒരു ഷോപ്പിങ് മാര്‍ട്ടിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രണയബന്ധത്തിലുള്ള പ്രശ്നങ്ങള്‍ കാരണം യുവതി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയതാണോ എന്ന സംശയവുമുണ്ടെന്ന് സൗത്ത് ഈസ്റ്റ് ഡിസിപി ഫാത്തിമ പ്രതികരിച്ചു. വിശദമായ അന്വേഷണത്തിനു ശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്നും ഡിസിപി വ്യക്തമാക്കി.