Image: ANI/X

പാക്കിസ്ഥാന് വേണ്ടി തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറി നാവിക സേനയിലെ ജീവനക്കാരന്‍ സമ്പാദിച്ചത് ലക്ഷങ്ങളെന്ന് കണ്ടെത്തല്‍. ഡല്‍ഹിയിലെ നാവിക സേന ആസ്ഥാനത്തെ ജീവനക്കാരനായിരുന്ന വിശാല്‍ യാദവാണ് ഓപറേഷന്‍ സിന്ദൂറിന്‍റേതടക്കമുള്ള വിവരങ്ങള്‍ പാക്കിസ്ഥാന് കൈമാറിയത്. ഹരിയാന സ്വദേശിയായ വിശാല്‍ പാക് ചാരയ്ക്കാണ് വിവരങ്ങള്‍ കൈമാറിയിരുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച വിവരങ്ങള്‍ പോലും കേവലം 50,000 രൂപയ്ക്ക് വിശാല്‍ കൈമാറിയെന്ന് സുരക്ഷാ വിഭാഗം സിഐഡി ഐജിയായ വിഷ്ണുകാന്ത് ഗുപ്ത വെളിപ്പെടുത്തുന്നു.

ഇന്ത്യക്കാരിയെന്ന് നടിച്ച പാക് വനിത ഫെയ്സ്ബുക്കിലൂടെയാണ് വിശാലുമായി ബന്ധം സ്ഥാപിച്ചത്. പ്രിയ ശര്‍മയെന്ന വ്യാജ അക്കൗണ്ടില്‍ നിന്നും ഇവര്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. സൗഹൃദം ദൃഢമായതോടെ വാട്സാപ്പിലായി സംഭാഷണങ്ങള്‍. ഇത് മെല്ലെ ടെലഗ്രാമിലേക്ക് മാറിയെന്നും അന്വേഷണ സംഘം പറയുന്നു. ചെറിയ രഹസ്യങ്ങള്‍ക്ക് 5000 മുതല്‍ 6000 രൂപയാണ് പ്രിയ വിശാലിന് നല്‍കി വന്നത്. പ്രിയയുടെ പ്രലോഭനത്തില്‍ മയങ്ങിയ വിശാല്‍ അതീവ രഹസ്യ വിവരങ്ങള്‍ വരെ നേവി ആസ്ഥാനത്ത് നിന്നും ചോര്‍ത്തി. 

വിശാലിന്‍റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തെളിവുസഹിതം പിടികൂടുകയായിരുന്നു. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് വിശാല്‍ അടിമയായിരുന്നുവെന്നും ഇതും പണത്തിനായുള്ള ആര്‍ത്തി കൂട്ടിയെന്നും അന്വേഷണ സംഘം പറയുന്നു. ഓപറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയതിന് ലഭിച്ച തുകയ്ക്ക് പുറമെ രണ്ട് ലക്ഷത്തോളം രൂപ വിശാലിന്‍റെ അക്കൗണ്ടിലെത്തിയിട്ടുണ്ട്. പ്രതിഫലം പലതും ക്രിപ്റ്റോ കറന്‍സി വഴിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ ജയ്പുറില്‍ നിന്നും അറസ്റ്റിലായ വിശാല്‍ വിവിധ ഏജന്‍സികളുടെ അന്വേഷണം നേരിടേണ്ടി വരും. 

ENGLISH SUMMARY:

Vishal Yadav, a Navy employee, reportedly shared sensitive data about 'Operation Sindoor' for just Rs 50,000 to a Pakistani agent he befriended via Facebook. The spy used WhatsApp and Telegram to coax him into leaking top secrets for money.