indian-emergency-history-democracy-violations

അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്‍റെ അമ്പതാം വാര്‍ഷികമാണിന്ന്. രാജ്യ‌ചരിത്രത്തില്‍ ജനാധിപത്യത്തിനേറ്റ കടുത്ത ആഘാതമായിരുന്നു അരനൂറ്റാണ്ട് മുമ്പുള്ള ജൂണ്‍ 25 ന് നിലവില്‍ വന്ന ആഭ്യന്തര അടിയന്തരാവസ്ഥ. ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലാത്ത പൗരാവകാശ ലംഘനങ്ങളാണ് ആ കാലം രാജ്യത്തിന് നല്‍കിയത്.

ഇന്ദിരാ ഗാന്ധിയുടെ ഈ  പ്രഖ്യാപനം വരുമ്പോഴേക്കും പ്രസിഡന്‍റ് ഫക്കറുദീന്‍ അലി അഹമ്മദിന്‍റെ  ഒരു വിഞ്ജാപനത്തിലൂടെ ഇന്ത്യ അതുവരെ കാണാത്തൊരിന്ത്യയായിക്കഴിഞ്ഞിരുന്നു. ഭരണഘടനയുടെ 352 ാം വകുപ്പിലെ ഒന്നാം ഉപവകുപ്പനുസരിച്ചായിരുന്നു പ്രഖ്യാപനം. മൗലികാവകാശങ്ങള്‍ ഉറപ്പു നല്‍കുന്ന 14, 21, 22 വകുപ്പുകള്‍ ഇല്ലാതായി. പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനം എന്നൊന്ന് കാണാതെയായി.

തലപ്പൊക്കമുള്ളവരുള്‍പ്പെടെ പ്രതിപക്ഷ നേതാക്കളെല്ലാം അഴിക്കുള്ളിലായി. പൗരാവകാശം പഴങ്കഥയായി. മാധ്യമങ്ങളില്‍ സെന്‍സന്‍ഷിപ് വന്നു. പാര്‍ലമെന്‍റ് നോക്കുകുത്തിയായി. കോടതികളെ സര്‍ക്കാരിന്‍റെ ചൊല്‍പ്പടിക്ക് നിര്‍ത്തി. രാജ്യസ്വാതന്ത്ര്യത്തിന് പോരാടിയ കോണ്‍ഗ്രസ് പ്രസ്ഥാനം എല്ലാ സ്വാതന്ത്ര്യങ്ങളും അടിച്ചമര്‍ത്തുന്നത് കണ്ട്,  ഇന്ദിരയെന്നാല്‍ ഇന്ത്യയെന്ന് ആര്‍പ്പ് വിളിക്കുന്ന വെറും ആള്‍ക്കൂട്ടം മാത്രമായി. ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യ വാദിയായ നെഹ്റുവിന്‍റെ മകള്‍ ഇന്ദിര സകല ജനാധിപത്യ മര്യാദകളും ചവിട്ടിയരച്ച ഭരണാധികാരിയായി

വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും പട്ടിണിയിലും പ്രതിഷേധിച്ച് സോഷ്യലിസ്റ്റുകളും യുവാക്കളും കടുത്ത പ്രക്ഷോഭങ്ങളുയര്‍ത്തിയ കാലമായിരുന്നു.  രാജ് നാരായണ്‍ നല്‍കിയ 1971ലെ  കേസില്‍ ഇന്ദിരയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയും മല്‍സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയും വിധി വന്നു. ഇതോടെ  പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമായി. 

ജെ.പി എന്ന ജയപ്രകാശ് നാരായണനായിരുന്നു സമര നായകന്‍. സുപ്രീംകോടതിയില്‍ വിആര്‍ കൃഷ്ണയ്യരുടെ ബഞ്ച് വിധി മയപ്പെടുത്തിയെങ്കിലും ഇന്ദിര കടുത്ത നടപടിയിലേക്ക് കടന്നു. മകന്‍ സഞ്ജയ് ഗാന്ധിയുടെ പ്രേരണയും ബംഗാള്‍ മുഖ്യമന്ത്രി സിദ്ധാര്‍ഥ ശങ്കര്‍ റേയുടെ ഉപദേശവും ഇന്ത്യയെ അതിന്‍റെ ചരിത്രത്തിലെ പുതിയൊരു അധ്യായത്തിലേക്ക് നയിച്ചു. അടിയന്തരാവസ്ഥ

സഞ്ജയ് ഗാന്ധിയായിരുന്നു അടിന്തരാവസ്ഥ കാലത്തെ സൂപ്പര്‍ പ്രധാനമന്ത്രി. വെറും 28 വയസ്സുള്ള, ഒരദ്യോഗിക സ്ഥാനത്തുമില്ലാത്ത ആ ചെറുപ്പക്കാരന്‍ ജനകോടികളുടെ ജീവിതങ്ങളെ ബാധിക്കുന്ന തീരുമാനങ്ങളെടുത്തു. സംസ്ഥാനങ്ങള്‍ക്ക് ക്വോട്ട നിര്‍ണയിച്ച് നിര്‍ബന്ധിത വന്ധ്യംകരണം. മോടിപിടിപ്പിക്കാനെന്ന പേരില്‍ പാവങ്ങളെ കുടിയൊഴിപ്പിച്ച് ചേരിനിര്‍മാര്‍ജനം. എതിര്‍ത്തവരെയെല്ലാം മര്‍ദിച്ചൊതുക്കി. 

പൊതുവില്‍ ആദ്യഘട്ടത്തില്‍ അനുകൂലഭാവം കാണിച്ചവരും അധികാര ധാര്‍ഷ്ട്യവും കൊള്ളരുതായ്മകളും കണ്ട് അടിയന്തരാവസ്ഥക്കെതിരേ തിരിഞ്ഞു. ഭയപ്പെടുത്തി ഭരിക്കുന്ന ഭരണകൂടത്തിനെതിരേ സമരമുഖങ്ങള്‍ തുറന്നു. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇന്ത്യയുടെ മുഖം മോശമായി. ഒടുവില്‍ 21 മാസങ്ങള്‍ക്കു ശേഷം അടിയന്തരാവസ്ഥയില്‍ ഇളവ് വരുത്തി ഇന്ദിര തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇന്ദിരയെ ഇന്ത്യക്കാര്‍ തോല്‍പ്പിച്ച 1977 ലെ തിരഞ്ഞെടുപ്പ് . തന്നിഷ്ട ഭരണത്തിനും 

അവകാശ നിഷേധങ്ങള്‍ക്കും ചുട്ടമറുപടിയുണ്ടാകുമെന്ന്  അരനൂറ്റാണ്ടിനിപ്പുറവും നമ്മെ ഓര്‍മിപ്പിക്കുന്നു അടിയന്തരാവസ്ഥ.

ENGLISH SUMMARY:

On June 25, 1975, India entered a dark chapter in its democratic history with the declaration of a national Emergency by Prime Minister Indira Gandhi. Enforced through Article 352, the Emergency led to the suspension of civil liberties, press censorship, mass arrests of opposition leaders, and centralized authoritarian rule. Driven by personal political crisis—including a court ruling invalidating her election—and influenced by her son Sanjay Gandhi and West Bengal CM Siddhartha Shankar Ray, Indira’s regime crushed dissent. Sanjay emerged as a de facto power center, promoting forced sterilizations and slum clearances.