india-maharashtra

TOPICS COVERED

നീറ്റ് പരിശീലനം നടത്തുന്ന മകള്‍ക്ക് മോക്ക്ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ പിതാവ് തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ വെള്ളിയാഴ്ച്ചയാണ് സംഭവം. പത്താംക്ലാസ് പരീക്ഷയില്‍ 92.60ശതമാനം മാര്‍ക്ക് നേടിയ കുട്ടിയാണ് രണ്ടു വര്‍ഷത്തിനിപ്പുറം പിതാവിന്റെ ക്രൂരമര്‍ദനത്തിനു ഇരയായി കൊല്ലപ്പെട്ടത്. 17കാരിയായ സാധനാ ബോന്‍സ്‌ലെ നീറ്റ് പരീക്ഷയ്ക്കായുളള കഠിന പരിശീലനത്തിലായിരുന്നു. 

ഇതിനു മുന്നോടിയായാണ് മോക് ടെസ്റ്റ് നടത്തിയത്. ഈ പരീക്ഷയില്‍ പ്രതീക്ഷിച്ച മാര്‍ക്ക് ലഭിച്ചില്ലെന്നു പറഞ്ഞാണ് സ്കൂള്‍ അധ്യാപകന്‍ കൂടിയായ പിതാവ് ധോന്‍ദിറാം ബോന്‍സ്‌ലെ മകളെ തല്ലിച്ചതച്ചത്. വടിയെടുത്ത് തുടരെത്തുടരെ കുട്ടിയെ അടിച്ചതാണ് മരണകാരണമായത്. തലയ്ക്കുള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. 

അവശനിലയിലായ സാധനയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കുറ്റം സമ്മതിച്ച ധോന്‍ദിറാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാധനയുടെ അമ്മ ധോന്‍ദിറാമിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. 

ENGLISH SUMMARY:

Father beats daughter to death over low marks in NEET mock test The shocking incident took place on Friday in Sangli, Maharashtra. The victim, 17-year-old Sadhana Bonsle, was undergoing intense preparation for the NEET exam. Despite scoring 92.60 percent in her Class 10 exams, she was allegedly killed by her father two years later after being brutally assaulted for scoring low marks in a mock test.