ജമ്മുവിലേക്കു പോയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ജിപിഎസ് സ്പൂഫിങ് അഥവാ ജാമിങ് ഭീഷണി മൂലം മുന്‍കരുതലിന്റെ ഭാഗമായി തിരികെ ഡല്‍ഹിയിലേക്കു മടങ്ങിയിരുന്നു. ജമ്മു വിമാനത്താവളത്തിനു മുകളില്‍ നാലുതവണ വട്ടമിട്ടു പറന്ന ശേഷമാണ് ഇറങ്ങാതെ തിരികെ പറന്നത്. ജമ്മുവില്‍ ലാന്‍ഡ് ചെയ്യാനായി 2,200 അടിവരെ വിമാനം താഴ്ത്തിയ ശേഷമാണ് മടക്കം. ഇന്ത്യ–പാക് അതിര്‍ത്തിയില്‍ ജിപിഎസ് സ്പൂഫിങ് വ്യാപകമാണ്. ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം യാത്രക്കാര്‍ക്ക് മറ്റൊരു വിമാനം സജ്ജമാക്കി.
വഴി പറഞ്ഞ് വഴി തെറ്റിക്കുന്ന രീതിയാണ് സ്പൂഫിങ്. അതായത് തെറ്റായ റേഡിയോ സിഗ്നലുകള്‍ അയച്ച് വിമാനങ്ങളുടെ വഴി തെറ്റിക്കുകയാണ് ചെയ്യുന്നത്. രാജ്യാന്തര സംഘര്‍ഷങ്ങള്‍ അടക്കം നടക്കുന്ന മേഖലകളില്‍ പ്രത്യേക ഉപകരണം ഉപയോഗിച്ച് വ്യാജ സിഗ്നലുകള്‍ അയക്കുന്ന രീതിയുണ്ട്. സൈനിക വിമാനങ്ങളെ അടക്കം വഴി തെറ്റിക്കാനാണ് ഇതുചെയ്യുന്നത്. ഇതില്‍ യാത്രാവിമാനങ്ങളും കുടുങ്ങാറുണ്ട്.
ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തിനു പിന്നലാലെ പേര്‍ഷ്യന്‍ കടലിടുക്കില്‍ ജിപിഎസ് സ്പൂഫിങ് വന്‍തോതില്‍ കൂടിയതായി വിമാന ട്രാക്കിങ് പോര്‍ട്ടലായ ഫ്ലൈറ്റ്റഡാര്‍ 24 അറിയിച്ചു. ഇന്ത്യയില്‍ നിന്നടക്കം ഗള്‍ഫ് മേഖലയിലേക്കു പോകുന്ന വിമാനങ്ങള്‍ ഈ പാതയാണ് ഉപയോഗിക്കാറുള്ളത്. സംഘര്‍ഷത്തിനു പിന്നാലെ പേര്‍ഷ്യന്‍ കടലിടുക്കിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയായിരിക്കും പറക്കുകയെന്ന് എയര്‍ ഇന്ത്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അതേസമയം ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം ഏര്‍പ്പെടുത്തിയ വ്യോമഗതാഗത വിലക്ക് ജൂലൈ 23വരെ നീട്ടി. ഇരുരാജ്യങ്ങളും ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കി. ഇന്നലെ അവസാനിക്കേണ്ടിയിരുന്ന വിലക്കാണ് നീട്ടിയത്. ഇന്ത്യന്‍ പാക്കിസ്ഥാന്‍ സര്‍ക്കാരുകളുടേയും കമ്പനികളുടേയും വിമാനങ്ങളാണ് പരസ്പരം വിലക്കിയത്. മറ്റു രാജ്യങ്ങളുടെ വിമാനങ്ങള്‍ക്ക് ഇരുരാജ്യങ്ങളുടേയും വ്യോമമേഖല ഉപയോഗിക്കുന്നതിനു വിലക്കില്ല.
പാക്കിസ്ഥാന്‍ വ്യോമമേഖല അടച്ചിരിക്കുന്നത് ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകളെയാണ് കാര്യമായി ബാധിക്കുന്നത്. ഈ സര്‍വീസുകള്‍ ദൂരം കൂടിയ ബദല്‍ റൂട്ടുകളാണ് ഉപയോഗിക്കുന്നത്.