ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലെ മജിസ്ട്രേറ്റ് ഓഫിസില്‍ കയ്യില്‍ ഒരു പേപ്പറുമായി ഒരു സ്ത്രീ കയറി വന്നു. അതില്‍ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു, ‘ഞാന്‍ മരിച്ചിട്ടില്ല സാര്‍’. സ്വത്തിനു വേണ്ടി താന്‍ മരിച്ചു എന്നുവരുത്തി ബന്ധുക്കള്‍ ചെയ്ത ചതി തിരിച്ചറിഞ്ഞതോടെയാണ് നീതിതേടി ഇങ്ങനെയൊരു പേപ്പറും കയ്യില്‍ പിടിച്ച് ശാരദ ദേവി എന്ന യുവതി സര്‍ക്കാര്‍ ഓഫിസില്‍ എത്തിയത്.
അച്ഛനും അമ്മയ്ക്കും മകളായി ശാരദ ദേവി മാത്രമാണുണ്ടായിരുന്നത്. അച്ഛന്‍ മരണപ്പെടുന്നതിനു മുന്‍പ് തന്നെ സ്വത്തുക്കളെല്ലാം ശാരദ ദേവിയുടെ പേരില്‍ എഴുതിവച്ചിരുന്നു. എന്നാല്‍ കുറച്ചുവര്‍ഷങ്ങള്‍ക്കു ശേഷം അച്ഛന്‍റെ സഹോദരന്‍റെ മക്കള്‍ താന്‍ മരണപ്പെട്ടതായി വ്യാജരേഖ ചമച്ച് സ്വത്തുക്കള്‍ അവരുടെ പേരിലാക്കി എന്നാണ് ശാരദ ദേവി ആരോപിക്കുന്നത്.
ഈ സംഭവം അറിഞ്ഞപ്പോള്‍ മുതല്‍ താന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണെന്നാണ് ശാരദ ദേവി പറയുന്നത്. ‘ഞാന്‍ മരിച്ചിട്ടില്ല എന്ന് തെളിയിക്കേണ്ടത് ഇപ്പോള്‍ എന്‍റെ ആവശ്യമാണ്. ഒരു മരണ സര്‍ട്ടിഫിക്കറ്റുണ്ടാക്കി എന്‍റെ എല്ലാ സ്വത്തുക്കളും അവര്‍ തട്ടിയെടുത്തു. എനിക്ക് നീതിവേണം’ എന്നാണ് ശാരദ ദേവി പറയുന്നത്.
സംഭവത്തില്‍ ഇടപെടുമെന്ന് ജില്ലാ മജിസ്ട്രേറ്റ് രവീന്ദ്ര കുമാര്‍ വ്യക്തമാക്കി. പിതാവ് ശാരദ ദേവിയുടെ പേരിലേക്ക് സ്വത്തുക്കള്‍ എഴുതിവച്ചതിന്‍റെ രേഖകളെല്ലാം അവര്‍ ഹാജരാക്കി. ബന്ധുക്കളാണ് ശാരദ ദേവി മരണപ്പെട്ടു എന്നുപറഞ്ഞ് ഒരു സര്‍ട്ടിഫിക്കറ്റുമായി എത്തിയത്. ശാരദ ദേവിയുടെ പരാതി ലഭിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ തന്നെ ബന്ധുക്കള്‍ അവരെ ചതിച്ചതാകാം എന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. സബ്– ഡിവിഷണല്‍ മജിസ്ട്രേറ്റിനോട് വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് അറിയിച്ചിട്ടുണ്ടെന്നും ജില്ലാ മജിസ്ട്രേറ്റ് വ്യക്തമാക്കി.