കാനഡയില്‍ നടന്ന ജി 7 ഉച്ചകോടിക്കിടെ ഒരു ഡസന്‍ നേതാക്കളുമായെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. എല്ലാ നേതാക്കന്‍മാര്‍ക്കും മോദി ഓരോ സമ്മാനങ്ങളും കൊടുത്തു. ഇന്ത്യയുടെ സംസ്കാരവും ചരിത്രവും ശില്‍പചാതുരിയും ഒക്കെ വ്യക്തമാക്കുന്നതായിരുന്നു ഈ സമ്മാനങ്ങള്‍.
ആതിഥേയനായ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണിക്ക് പ്രധാനമന്ത്രി സമ്മാനിച്ചത് ബ്രാസ് കൊണ്ടുള്ള ബോധി വൃക്ഷമാണ്. ബിഹാറിലെ പ്രാദേശിക ശില്‍പികള്‍ കൈകൊണ്ട് നിര്‍മിച്ചതാണ് ഈ ബോധി വൃക്ഷരൂപം.
അടുത്ത ബന്ധം സൂക്ഷിക്കുന്ന ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോയ്ക്ക് നല്‍കിയത് തമിഴ്നാട്ടില്‍ നിന്നുള്ള നന്ദി ശില്‍പമായിരുന്നു. പരമ്പരാഗത രീതിയില്‍ ലോഹത്തില്‍ നിര്‍മിച്ച നന്ദി ശില്‍പത്തിന് ചുവന്ന ഇരിപ്പിടമാണ. കരുത്തിന്‍റെയും ഭക്തിയുടെയും പ്രതീകമാണ് നന്ദിശില്‍പം.
ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സിന് നല്‍കിയത് കൊണാര്‍ക് സൂര്യക്ഷേത്രത്തിലെ പ്രശസ്തമായ ചക്രത്തിന്‍റെ ചെറുരൂപം. കല്ലില്‍ തീര്‍ത്ത ചക്രത്തിന്‍റെ പതിപ്പില്‍ യഥാര്‍ഥ ചക്രത്തിലുള്ള കൊത്തുപണികള്‍ അതുപോലെ പകര്‍ത്തിയിരുന്നു. ഒഡീഷയിലെ പ്രാദേശിക ശില്‍പികളാണ് ചക്രം നിര്‍മിച്ചത്.
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിന് കൊലാപുരി വെള്ളിക്കുടം ആണ് സമ്മാനിച്ചത്. മഹാരാഷ്ട്രയിലെ കോലാപുരില്‍ നിര്‍മിച്ച കുടത്തില്‍ മനോഹരമായ കൊത്തുപണികളും ഉണ്ട്. പ്രാദേശിക കലാകാരന്‍മാര്‍ കൈകൊണ്ട് ചെയ്തതാണ് കൊത്തുപണികള്‍.
ഡോക്‌റ കലാരൂപത്തില്‍ ബ്രാസ് കൊണ്ട് നിര്‍മിച്ച കുതിരയാണ് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറില്‍ റാമഫോസയ്ക്കുള്ള സമ്മാനം. ഛത്തീസ്ഗഡിലെ ആദിവാസി ശില്‍പികളും കലാകാരന്‍മാരും ചേര്‍ന്ന് കൈകൊണ്ട് നിര്‍മിച്ചതാണ് ഈ കുതിര. നാലായിരം വര്‍ഷമായി ഛത്തീസ്ഗഡില്‍ പരിശീലിച്ചുവരുന്ന ശില്‍പരീതിയാണ് ഡോക്‌റ. ഛത്തീസ്ഗഡിലെ ആദിവാസി പാരമ്പര്യത്തിന്‍റെ പ്രതീകംകൂടിയാണിത്.
ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് ലീ ജി മ്യുങ്ങിന് പ്രധാനമന്ത്രി സമ്മാനച്ചത് ബിഹാറില്‍നിന്നുള്ള മധുബനി പെയിന്‍റിങ്ങാണ്. ബിഹാറില്‍ തലമുറകള്‍ കൈമാറി വരുന്നതും വനിതകള്‍ പരിശീലിക്കുന്നതുമായ കലാരൂപമാണ് മധുബനി. പേപ്പര്‍, തുണി, കാന്‍വാസ് എന്നിവയില്‍ തയാറാക്കുന്ന പെയിന്റിങ് വര്‍ണാഭമാണ്. പൂക്കള്‍, മൃഗങ്ങള്‍, ദേവതകള്‍ എന്നിവയാണ് സാധാരണയായി മധുബനി മാതൃകയില്‍ തയാറാക്കുന്നത്,.
മഹാരാഷ്ട്രയിലെ വാര്‍ലി സമുദായാംഗങ്ങള്‍ തയാറാക്കിയ വാര്‍ലി പെയിന്‍റിങ് ആണ് മെക്സിക്കന്‍ പ്രസിഡന്‍റ് ക്ലൗഡിയ ഷീന്‍ബാമിനുള്ള സമ്മാനം. അരിയും മണ്ണും ചേര്‍ത്താണ് രൂപങ്ങള്‍ വരയ്ക്കുന്നത്. മനുഷ്യന്‍റെ നിത്യജീവിതത്തിലെ കാഴ്ചകളാണ് വാര്‍ലി പെയിന്‍റിങ്ങിലൂടെ അവതരിപ്പിക്കുന്നത്.
മേഘാലയയിലെ ശില്‍പികള്‍ നിര്‍മിച്ച മുളകൊണ്ടുള്ള ബോട്ട് ബ്രസീലിയന്‍ പ്രസിഡന്റ് ലുല ഡാ സില്‍വയ്ക്ക് മോദി സമ്മാനിച്ചു. മുന്നില്‍ ഹംസത്തിന്‍റെ മുഖവും ക്ഷേത്ര രൂപത്തിലുള്ള നടുഭാഗവും ആണ് ബോട്ടിലുള്ളത്. പ്രകൃതിയും ആത്മീയതും സമ്മേളിക്കുന്നു എന്ന സൂചിപ്പിക്കൂന്നതായിരുന്നു ശില്‍പം.
ആല്‍ബര്‍ട്ട ഗവര്‍ണര്‍ സല്‍മ ലഖാനിക്ക് സ്വര്‍ണക്കടലാസില്‍ പൊതിഞ്ഞ തീപ്പെട്ടിക്കൂടാണ് സമ്മാനം. ജമ്മു കശ്മീരിലെ കലാകാരന്‍മാര്‍ നിര്‍മിച്ച തീപ്പെട്ടിക്കൂടിന് മുകളില്‍ പൂക്കള്‍, ഇലകള്‍, പക്ഷികള്‍, പ്രകൃതി ദൃശ്യങ്ങള്‍ എന്നിവ കൊത്തിവച്ചിരുന്നു.
തടിയില്‍ കൊത്തിയുണ്ടാക്കിയ മനോഹരമായ വര്‍ക് ബോക്സാണ് ആല്‍ബര്‍ട്ട പ്രധാനമന്ത്രി ഡാനിയേല സ്മിത്തിന് സമ്മാനിച്ചത്. രാജസ്ഥാനിലെ പരമ്പരാഗത കലാകാരന്‍മാര്‍ തയാറാക്കിയ ബോക്സിന് മുകളില്‍ മയിലിന്‍റെ രൂപം കൊത്തിവച്ചിരുന്നു. ചുറ്റും കൈകൊണ്ടുതന്നെ വെള്ളിത്തകിടും പതിച്ചിട്ടുണ്ട്.
കാനഡ ഗവര്‍ര്‍ണര്‍ ജനറല്‍ മേരി സൈമണ് വെള്ളികൊണ്ടുള്ള ബാഗാണ് പ്രധാനമന്ത്രി നല്‍കിയത്. ഒഡീഷയിലെ കട്ടക്കില്‍ നിന്ന് 500 വര്‍ഷം പഴക്കമുള്ള തരകാശി ശില്‍പകലയില്‍ നിര്‍മിച്ചതാണ് ഈ പഴ്സ്.