കേന്ദ്രസര്‍ക്കാര്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നു എന്ന ആരോപണങ്ങള്‍ക്കിടെ വിവാദ പരാമര്‍ശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇംഗ്ലീഷ് സംസാരിക്കുന്നത് നാണക്കേടായി തോന്നുന്ന കാലം വിദൂരമല്ലെന്നും പ്രാദേശിക ഭാഷകളിലാണ് രാജ്യത്തിന്‍റെ സംസ്കാരമെന്നും അദ്ദേഹം പറഞ്ഞു. പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
ഡല്‍ഹിയില്‍ പുസ്തകപ്രകാശന ചടങ്ങിനിടെയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വിവാദ പരാമര്‍ശം. രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നത് നാണക്കേടായി കരുതുന്ന സമൂഹം വൈകാതെ ഉണ്ടാകും. നമ്മുടെ സംസ്കാരവും ചരിത്രവും വൈവിധ്യവും പ്രദര്‍ശിപ്പിക്കാന്‍ ഒരു വിദേശ ഭാഷയ്ക്കും സാധിക്കില്ല. പ്രാദേശിക ഭാഷകള്‍ സംസ്കാരത്തിലെ രത്നങ്ങളാണ്. ആ ഭാഷകള്‍ ഇല്ലാതെ ഇന്ത്യയില്ല. പരിവര്‍ത്തനം ആയാസകരമാണെങ്കിലും ഇന്ത്യ വിജയിക്കുമെന്നും അമിത് ഷാ പറഞ്ഞു.
പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷത്തുനിന്നും സമൂഹമാധ്യമങ്ങളിലും ഉയരുന്നത്. ഇംഗ്ലീഷ് അറിയാവുന്നതുകൊണ്ടാണ് വിദേശത്തു പോകുമ്പോള്‍ സംസാരിക്കാന്‍ സാധിക്കുന്നതും ജോലി ലഭിക്കുന്നതുമെന്ന് കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ് ട്വീറ്റ് ചെയ്തു. മോദിക്കും അമിത് ഷായ്ക്കും ഇംഗ്ലീഷ് അറിയാത്തതുകൊണ്ടാണ് ഇത്തരം പരാമര്‍ശമെന്ന് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പരിഹസിച്ചു.