യുപി ലക്നൗവില്‍ ലാന്‍ഡ് ചെയ്ത സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഞായറാഴ്ച പുലർച്ചെ ലക്നൗവിലെ ചൗധരി ചരൺ സിങ് രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. സൗദി അറേബ്യയിൽ നിന്ന് 250 ഹജ് തീർഥാടകരുമായി മടങ്ങിയെത്തിയതായിരുന്നു വിമാനം. യാത്രക്കാരെ സുരക്ഷിതരായി ഒഴിപ്പിച്ചു.
ജിദ്ദയിൽ നിന്ന് ശനിയാഴ്ച രാത്രി 10:45-നാണ് SV 3112 എന്ന സൗദി എയർലൈൻസ് വിമാനം പുറപ്പെട്ടത്. ഞായറാഴ്ച പുലർച്ചെ ആറരയോടെ ലക്നൗവിൽ ലാൻഡ് ചെയ്തതിന് പിന്നാലെ, വിമാനത്തിന്‍റെ ലാൻഡിങ് ഗിയറിന്‍റെ ഇടതുഭാഗത്തുനിന്ന് പുകയും തീപ്പൊരിയും ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. പുക കണ്ടയുടൻ വിമാനം നിർത്തിയ പൈലറ്റ്, എയർ ട്രാഫിക് കൺട്രോളിനെ വിവരം അറിയിച്ചു. തുടർന്ന്, വിമാനത്തെ ടാക്സിവേയിലേക്ക് മാറ്റുകയും അവിടെ വെച്ച് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. 20 മിനിറ്റുകൊണ്ട് സ്ഥിതി നിയന്ത്രണവിധേയമാക്കി.
വിമാനത്തിന്‍റെ ഹൈട്രോളിക് സംവിധാനത്തില്‍ ലീക്കുണ്ടായി എന്നാണ് പ്രാഥമിക നിഗമനം. ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പാണ് തകരാര്‍ സംഭവിച്ചതെങ്കില്‍ വലിയ അപകടത്തിലേക്ക് കാരണമാകാമെന്നാണ് വിലയിരുത്തല്‍. യാത്രക്കാര്‍ സുരക്ഷിതരാണെന്നും വിഷയം വിമാനത്താവള പ്രവര്‍ത്തനങ്ങളെ ബാധിച്ചില്ലെന്നും ലക്നൗ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.അതേസമയം, ബോയിങ്ങിന്‍റെ 787 – 8 ഡ്രീംലൈനര്‍ വിമാനമാണിത്. അഹമ്മദാബാദില്‍ തകര്‍ന്നുവീണതും 787 – 8 ഡ്രീംലൈനര്‍ വിമാനമാണ്. ഈ വിമാനങ്ങളില്‍ അധിക സുരക്ഷാ പരിശോധന നടത്താന്‍ ഡിജിസിഎ എയര്‍ ഇന്ത്യയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.