air-india-crash

അഹമ്മദാബാദ് ദുരന്തത്തില്‍ പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റിന്റെ മെയ്ഡേ കോളിന്റെ വിവരങ്ങള്‍ പുറത്തു വന്നു. ത്രസ്റ്റ് കിട്ടുന്നില്ല, ഉയര്‍ത്താന്‍ കഴിയുന്നില്ല എന്നാണ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ ലഭിച്ച മെയ്ഡേ കോള്‍. അങ്ങേയറ്റം അപായകരമായ സന്ദര്‍ഭങ്ങളില്‍ വൈമാനികരും നാവികരും നല്‍കുന്ന അപായസന്ദേശമാണ് മെയ്ഡേ കോള്‍.

അപകടത്തില്‍ പെട്ട വിമാനത്തിന്റെ ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍, അഹമ്മദാബാദ് വിമാനത്താവളത്തിലെ ഗതാഗതനിയന്ത്രണസംവിധാനത്തിന് അയച്ച മേയ്ഡേ കോള്‍ അപായം തിരിച്ചറിഞ്ഞുവെന്ന് വ്യക്തമാക്കുന്നതാണ്. വിമാനം ഉയര്‍ത്താനാവശ്യമായ ത്രസ്റ്റ് അഥവാ മുകളിലേക്കുള്ള തള്ളല്‍ കിട്ടുന്നില്ല. വിമാനം ഉയര്‍ത്താനാകുന്നില്ലെന്നാണ് സന്ദേശം. അടിയന്തരസാഹചര്യം തിരിച്ചറിഞ്ഞ ATC തിരിച്ച് ബന്ധപ്പെടാന്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായി, സെക്കന്റുകള്‍ക്കുള്ളില്‍ വിമാനം തകര്‍ന്നു വീഴുകയും ചെയ്തു.

Also Read:അവസാന നിമിഷങ്ങള്‍..മര്‍ദം കിട്ടാതെ വിമാനം; കോക്പിറ്റില്‍ സംഭവിച്ചതെന്ത്? സാധ്യതകള്‍ ഇങ്ങനെ

വ്യോമയാന, സമുദ്ര ആശയവിനിമയങ്ങളില്‍ ഉപയോഗിക്കുന്ന ഏറ്റവും ഉയര്‍ന്ന റേഡിയോ സിഗ്നലാണ് മെയ്ഡേ കോള്‍. ജീവന്‍ അപായത്തിലാണെന്ന ഏറ്റവും അടിയന്തരസാഹചര്യത്തെ സൂചിപ്പിക്കുന്ന സന്ദേശമാണിത്. അടിയന്തര സഹായ അഭ്യര്‍ഥനയായാണ് കണ്‍ട്രോള്‍ റൂമുകളില്‍ മെയ്ഡേ കോള്‍ കൈകാര്യം ചെയ്യപ്പെടുക.

മെയ്ഡേ എന്നാണ് അറിയപ്പെടുന്നതെങ്കിലും വാക്കിന് മേയ് മാസവുമായി ബന്ധമില്ല. എന്നെ സഹായിക്കൂ എന്നര്‍ഥം വരുന്ന മെയ്ഡേ എന്ന ഫ്രഞ്ച് പദമാണ് ആധാരം. 1920ല്‍ ലണ്ടനിലെ എയര്‍പോര്‍ട്ട് റേഡിയോ ഓഫിസറായിരുന്ന ഫ്രെഡറിക് സ്റ്റാന്‍ലി മോക്ഫോര്‍ഡ് ആണ് ഈ ആശയം അവതരിപ്പിച്ചത്. അടിയന്തരസാഹചര്യങ്ങളില്‍ വ്യക്തമായ ആശയവിനിമയം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. തുടര്‍ന്ന് ഈ വാക്ക് രാജ്യാന്തര തലത്തില്‍ പൈലറ്റുമാര്‍ക്കും നാവികര്‍ക്കുമായുള്ള റേഡിയോ ആശയവിനിമയത്തിലെ പ്രധാന ഭാഗമായി. 1972ല്‍ മോഴ്സ് കോഡ് സിഗ്നല്‍ SOS നൊപ്പം ഔദ്യോഗികമായി അംഗീകരിക്കപ്പെടുകയും ചെയ്തു.

ENGLISH SUMMARY:

‘Mayday. Unable to Lift’: Air India Pilot’s Chilling Message Before Ahmedabad Plane Crash