ഗുജറാത്ത് അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാന ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ യുകെ എയര്‍ ആക്സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ സംഘം ഇന്ത്യയിലെത്തും. വിമാനത്തിന്‍റെ ബ്ലാക്ക്ബോക്സ് എന്‍എസ്ജി കണ്ടെത്തി. അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു. പ്രധാനമന്ത്രി ഇന്ന് അഹമ്മദാബാദിലെത്തും. കേന്ദ്രമന്ത്രി അമിത്ഷാ അപകടസ്ഥലം സന്ദര്‍ശിച്ചു. ഗുജറാത്ത് ആഭ്യന്തരമന്ത്രി അഹമ്മദാബാദിലെത്തി. എയര്‍ ഇന്ത്യ സിഇഒ കാംബെല്‍ വില്‍സണ്‍ അപകടസ്ഥലത്തെത്തി.
Read Also: '30 സെക്കന്‍റ്! പിന്നെ പൊട്ടിത്തെറിച്ചു; പുറത്തേക്ക് ചാടിയതെങ്ങനെയെന്ന് അറിയില്ല'
വിമാനം തകര്‍ന്നപ്പോള്‍ ഭൂകമ്പം പോലെ തോന്നിയെന്ന് നാട്ടുകാര്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. ഉഗ്രശബ്ദം കേട്ട് േവഗം അപകടസ്ഥലത്തേക്ക് ഓടി. ഉടന്‍ പൊലീസും രക്ഷാപ്രവര്‍ത്തകരും എത്തിയെന്നും നാട്ടുകാര്‍ പറഞ്ഞു. അഹമ്മദാബാദിലെ സിറ്റി സിവില്‍ ആശുപത്രിയില്‍ 265 മൃതദേഹങ്ങള്‍ എത്തിച്ചതായി പൊലീസ് അറിയിച്ചു. മരിച്ചവരില്‍ വിമാന യാത്രക്കാര്‍ 241 മാത്രമാണ്. വിമാനം പതിച്ച ഹോസ്റ്റലിലെ അന്തേവാസികളും പ്രദേശവാസികളുമാണ് മരിച്ച മറ്റുള്ളവരെന്നാണ് വിവരം. ഡിഎന്‍എ പരിശോധനയ്ക്കുശേഷം മരണസംഖ്യ പുറത്തുവിടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
അഹമ്മദാബാദ് ദുരന്തത്തിന്റെ കാരണങ്ങള്‍ വ്യക്തമായിട്ടില്ലെങ്കിലും ബോയിങ് 787 വിമാനങ്ങളില്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സുരക്ഷാപ്രശ്നങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
ഇന്ധനകാര്യക്ഷമതയ്ക്കും സുഖയാത്രയ്ക്കും പേരുകേട്ട ബോയിങ് 787 വിമാനങ്ങളില്‍ ചില നിര്‍മാണപ്രശ്നങ്ങളുണ്ടെന്ന് കമ്പനിക്കകത്തെ പ്രമുഖ എന്‍ജിനീയര്‍മാര്‍ തന്നെയാണ് ചൂണ്ടിക്കാട്ടിയത്. ഈ പിഴവുകള്‍ വന്‍ വിനാശം വിതയ്ക്കുമെന്ന മുന്നറിയിപ്പും ചര്‍ച്ചകള്‍ക്കും നിയമയുദ്ധത്തിനും വഴിവച്ചു.
ബോയിങ് 787 വിമാനങ്ങള്‍ സുരക്ഷിതമല്ലെന്ന് അവഗണിക്കാനാകാത്ത മുന്നറിയിപ്പുകള്‍ മുന്‍പേയുണ്ടായിരുന്നു. ബോയിങ് കമ്പനിക്കും നിര്‍മാണപങ്കാളിയായ സ്പിരിറ്റ് എയറോസിസ്റ്റംസിനും എതിരെയാണ് ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നത്. നിര്‍മാണനിലവാരത്തില്‍ പാളിച്ചകളുണ്ടെന്നും ഗുണനിലവാരത്തില്‍ നിയന്ത്രണമില്ലെന്നും ചൂണ്ടിക്കാട്ടിയത് കമ്പനിക്കകത്തെ എന്‍ജിനീയര്‍മാര്‍ തന്നെയാണ്. സുരക്ഷയേക്കാള്‍ നിര്‍മാണവേഗതയ്ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാന സാങ്കേതിക വിദഗ്ധരില്‍ ചിലര്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുന്നതുവരെയെത്തിയിരുന്നു കാര്യങ്ങള്‍. സാം സേലേപോര്‍, ജോണ്‍ ബാര്‍നെറ്റ് , റിച്ചാര്‍ഡ് ക്യൂവാസ് തുടങ്ങിയ സാങ്കേതിക വിദഗ്ധരാണ് ബോയിങ് 787 നിര്‍മാണത്തില്‍ ഗുരുതരമായ പോരായ്മകളുണ്ടെന്നു ചൂണ്ടിക്കാട്ടിയത്. ബോയിങ് എന്‍ജിനീയറായ സാം സേലേപോര്‍ ചൂണ്ടിക്കാട്ടിയ നിര്‍മാണവീഴ്ചകള്‍ അവഗണിച്ച ബോയിങ് കമ്പനി അദ്ദേഹത്തോട് മിണ്ടാതിരിക്കാനാണ് ആവശ്യപ്പെട്ടത്. പക്ഷേ മുന്നറിയിപ്പുകള്‍ ലോകത്തോട് വിളിച്ചു പറഞ്ഞതോടെ അമേരിക്കയിലെ ഫെഡറല്‍ ഏവിയേഷന്‍ ഏജന്‍സി ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്തുകയും തിരുത്തലുകള്‍ നിര്‍ദേശിക്കുകയും ചെയ്തു.
ജോണ്‍ ബാര്‍നെറ്റ് 30 വര്‍ഷം ബോയിങിലെ ക്വാളിറ്റി കണ്‍ട്രോള്‍ എന്‍ജിനീയറായിരുന്നു. ഉല്‍പാദനവേഗം കൂട്ടാനുള്ള തൊഴില്‍ സമ്മര്‍ദത്തില്‍ തൊഴിലാളികള്‍ നിലവാരം കുറഞ്ഞ ഭാഗങ്ങള്‍ ഉപയോഗിക്കുന്നുവെന്നും വിമാനത്തിലെ ഓക്സിജന്‍ ക്രമീകരണ സംവിധാനങ്ങളില്‍ തകരാറുണ്ടെന്നും ജോണ്‍ ചൂണ്ടിക്കാട്ടിയതോടെ കമ്പനിക്ക് ജോണ്‍ അനഭിമതനായി. പിന്നീട് 2024 മാര്‍ച്ച് 9ന് ജോണിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബോയിങുമായുള്ള നിയമയുദ്ധത്തിനിടെയാണ് ജോണിന്റെ മരണമെന്നതും രാജ്യാന്തരമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി.
ബോയിങ് നിര്‍മാണപങ്കാളിയായ സ്പിരിറ്റ് എയറോസിസ്റ്റംസ് മെക്കാനിക്കായിരുന്ന റിച്ചാര്‍ഡ് ക്യുവാസ് ചൂണ്ടിക്കാട്ടിയത് വിമാനത്തിന്റെ മുന്‍ഭാഗത്തെ പ്രഷര്‍ ബള്‍ക്ക് ഹെഡുകളിലെ നിര്‍മാണവീഴ്ചയാണ്. ബോയിങിനും സ്പിരിറ്റിനും പരാതി നല്‍കിയ റിച്ചാര്‍ഡിനെ കമ്പനി പിരിച്ചു വിട്ടു.
എന്നാല്‍ ഈ പരാതികളില്‍ അന്വേഷണം നടത്തിയ ഫെഡറല്‍ ഏവിയേഷന്‍ ഏജന്‍സി ബോയിങ് വിമാനങ്ങളില്‍ ആറാഴ്ചത്തെ പരിശോധന നടത്തി.ഉല്‍പാദനരീതികളില്‍ നിരവധി പ്രശ്നങ്ങള്‍ കണ്ടെത്തിയ ഓഡിറ്റ്, കമ്പനിയുടെ സുരക്ഷാസംസ്കാരം പാടേ മാറിയതായും ചൂണ്ടിക്കാട്ടി. സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ജീവനക്കാര്‍ക്കെതിരെ കമ്പനി പ്രതികാരനടപടികള്‍ സ്വീകരിക്കുന്നതായും ഈ ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍ 787 ഡ്രീംലൈനറിന്റെ സുരക്ഷയിലും ഈടിലും പൂര്‍ണവിശ്വാസമാണെന്ന് ബോയിങ് കമ്പനി പ്രതിരോധിച്ചു. ബാറ്ററി സിസ്റ്റം അടക്കം അപ്ഗ്രേഡ് ചെയ്തുവെന്നറിയിച്ചാണ് FAA തുടര്‍നടപടികളില്‍ നിന്ന് രക്ഷപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ ലോകത്തെ തന്നെ വലിയ വിമാന അപകടങ്ങളിലൊന്ന് ഇന്ത്യയുടെ ഹൃദയം തകര്‍ക്കുമ്പോള്‍ ബോയിങ് 787-ന്റെ സുരക്ഷ വീണ്ടും രാജ്യാന്തരചര്‍ച്ചകളില്‍ നിറഞ്ഞിരിക്കുന്നു.