ഗുജറാത്ത് അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാന ദുരന്തത്തിന്റെ നടുക്കത്തില്‍ മേഘാനി നഗർ ബിജെ മെഡിക്കല്‍ കോളേജ്. ഹോസ്റ്റലിന് മുകളില്‍ വിമാനം വീണ് മരിച്ചത് അഞ്ച് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഏഴുപേരാണ്. രണ്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ കാണാതായി. അറുപതുപേര്‍ക്ക് പരുക്കേറ്റു. 

Read Also: വിമാനത്തിലുണ്ടായിരുന്നത് ഒന്നേകാല്‍ ലക്ഷം ലീറ്റര്‍ ഇന്ധനം; ദുരന്ത വ്യാപ്തി കൂടിയതിങ്ങനെ

ദുരന്തത്തിന്‍റെ വ്യാപ്തി വീണ്ടും ഉയര്‍ത്തി മരണസംഖ്യ ഉയരുന്നു. അഹമ്മദാബാദിലെ സിറ്റി സിവില്‍ ആശുപത്രിയില്‍ 265 മൃതദേഹങ്ങള്‍ എത്തിച്ചതായി പൊലീസ് അറിയിച്ചു. മരിച്ചവരില്‍ വിമാന യാത്രക്കാര്‍ 241 മാത്രമാണ്. വിമാനം പതിച്ച ഹോസ്റ്റലിലെ അന്തേവാസികളും പ്രദേശവാസികളുമാണ് മരിച്ച മറ്റുള്ളവരെന്നാണ് വിവരം. ഡിഎന്‍എ പരിശോധനയ്ക്കുശേഷം മരണസംഖ്യ പുറത്തുവിടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ ദുരന്തഭൂമിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേന്ദ്ര വ്യോമയാനമന്ത്രി റാംമോഹന്‍ നായിഡുവും അഹമ്മദാബാദില്‍ ക്യാംപ് ചെയ്യുകയാണ്. തകര്‍ന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടുണ്ട്.

മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സിവില്‍ ആശുപത്രിയില്‍ ഡി.എന്‍.എ പരിശോധന ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. മരിച്ചവരുടെ ബന്ധുക്കള്‍ രക്ത സാംപിളുകള്‍ നല്‍കാനായി ആശുപത്രിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. മരണസംഖ്യ ഉയരുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. ദുരന്തഭൂമിയിലേതിന് സമാനമായ കാഴ്ചകളാണ് ആശുപത്രിയിലും.

ദുരന്തം മുന്‍പും

വര്‍ഷങ്ങള്‍ക്ക് മുമ്പും സമാനമായ വിമാനദുരന്തം നടന്ന ഇടമാണ് അഹമദാബാദ്. 1989ല്‍ നടന്ന അപടകത്തില്‍ 133പേരാണ് മരിച്ചത്. അദ്ഭുതകരമായി രക്ഷപ്പെട്ടത് 2 പേര്‍ മാത്രം. കത്തിയ വിമാനത്തിലുണ്ടായ വിള്ളലിലൂടെ രക്ഷപ്പെട്ട വിനോദ് ത്രിപാഠി തന്‍റെ പുനര്‍ജന്മത്തിന് ശേഷം പറഞ്ഞതിങ്ങനെ, പേടിച്ചുപോയാല്‍ എല്ലാം തീര്‍ന്നു..മനശക്തിയാണ് വലുത്. ഒപ്പമുണ്ടായിരുന്ന പലരും പുറത്തേക്ക് ചാടിയെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങി എന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ ഏറെ വേദനിപ്പിച്ചു.  

37 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോകുകയായിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റ് 113 അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ് തകര്‍ന്നുവീണത്. ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ വിമാനാപകടം. ഗുജറാത്ത് വിദ്യാപീഠത്തിന്‍റെ റജിസ്ര്ടാറായിരുന്ന വിനോദ് ത്രിപാഠി കുട്ടികളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുമായാണ് യാത്രതിരിച്ചത്. അപകടത്തില്‍ ശരീരമാസകലം പരുക്കേറ്റിരുന്നു ത്രിപാഠിക്ക്. 

അന്ന് ത്രിപാഠിക്കൊപ്പം രക്ഷപ്പെട്ടത്  അശോക് അഗര്‍വാള്‍ എന്ന ബിസിനസുകാരനാണ്. ഭാര്യയ്ക്കും മകനുമൊപ്പം മകന്‍റെ പിറന്നാള്‍ ആഘോഷ ഷോപ്പിങ്ങ് കഴിഞ്ഞു മടങ്ങുകയായിരുന്നു അശോക് അഗര്‍വാള്‍. മകനും ഭാര്യയും അപകടത്തില്‍ മരിച്ചു. 40 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം അഗര്‍വാള്‍ മറവിരോഗത്തിന് ചികിത്സ തേടുകയായിരുന്നു.  

ENGLISH SUMMARY:

Suitcases Strewn, Food Uneaten At Hostel After Gujarat Crash