ഹൈദരാബാദിലെ സിനിമാ സെറ്റില്‍ കൂറ്റന്‍ ജലസംഭരണി തകര്‍ന്നുണ്ടായ പ്രളയത്തില്‍ അസിസ്റ്റന്റ് ക്യാമറമാനു ഗുരുതര പരുക്ക്. നടന്‍ രാം ചരണ്‍ ആദ്യമായി നിര്‍മിക്കുന്ന നിഖില്‍ സിദ്ധാര്‍ഥ് നായകനാവുന്ന ദ ഇന്ത്യന്‍ ഹൗസ് എന്ന സിനിമയുടെ ഷംസാബാദിലെ സെറ്റിലാണ് അപകടമുണ്ടായത്. കടലിന്റെ പശ്ചാത്തലമൊരുക്കുന്നതിനായി ഉണ്ടാക്കിയ കൂറ്റന്‍ സംഭരണിയാണു തകര്‍ന്നത്. ജലത്തിന്‍റെ സമ്മര്‍ദം താങ്ങാനാകാതെയാണ് ജലസംഭരണി തകര്‍ന്നത്. വെള്ളം കുത്തിയൊഴുകിയതിനെ തുടര്‍ന്ന് ലൈറ്റിങ് ഉപകരണങ്ങളടക്കം ഒലിച്ചുപോയി. പ്രളയസമാന അവസ്ഥയായിരുന്നു സെറ്റില്‍. വെള്ളം നിറഞ്ഞതോടെ സിനിമാ സെറ്റ് പൂര്‍ണമായും തകര്‍ന്നു. അസിസ്റ്റന്‍റ് ക്യാമറാമാന് പുറമേ വേറെയും ചില അംഗങ്ങള്‍ക്ക് പരുക്കേറ്റിറ്റുണ്ട് എന്നാണ് വിവരം. പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 2023ലാണ് രാം ചരണ്‍ സ്വന്തം പ്രൊഡക്ഷന്‍ കമ്പനി തുടങ്ങി ഇന്ത്യന്‍ ഹൗസിന്റെ പ്രഖ്യാപനം നടത്തിയത്.