railway-track

പ്രതീകാത്മക ചിത്രം.

TOPICS COVERED

അച്ഛനും നാലുമക്കളും ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ഭാര്യയുമായി വഴക്കിട്ട യുവാവ് മക്കളെയും കൂട്ടി ട്രെയിനിന് മുന്നില്‍ ചാടുകയായിരുന്നു എന്നാണ് വിവരം. അഞ്ചുപേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. മനോജ് മഹ്തോ (45), മക്കളായ പവന്‍ (10), കാരു (9), മുരളി (5), ചോട്ടു (3) എന്നിവരാണ് മരണപ്പെട്ടത്.

ബിഹാര്‍ സ്വദേശിയായ മനോജ് മഹ്തോയ്ക്കും ഭാര്യ പ്രിയയ്ക്കുമിടയില്‍ ചില കുടുംബപ്രശ്നങ്ങള്‍ നിലനിന്നിരുന്നു. ഇന്നലെ രാവിലെയും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. പിന്നാലെ കുട്ടികളെയും കൊണ്ട് പാര്‍ക്കില്‍‌ പോകുകയാണെന്ന് പറഞ്ഞ് മനോജ് വീട്ടില്‍ നിന്നിറങ്ങി. മക്കള്‍ക്ക് ജ്യൂസും ചിപ്സുമൊക്കെ വാങ്ങിക്കൊടുത്താണ് റെയില്‍വേപാളത്തിനു സമീപം മനോജ് എത്തിച്ചത്. ട്രെയിന്‍ വരുന്നത് കണ്ട് മക്കള്‍ പേടിച്ച് നിലവിളിച്ചുവെങ്കിലും മനോജ് മക്കളെ കെട്ടിപ്പിടിച്ച് ട്രാക്കില്‍ തന്നെ നിന്നു. രക്ഷപ്പെടാന്‍‌ ശ്രമിച്ച മക്കളെ കയ്യില്‍ പിടിച്ച് വലിച്ചടുത്ത് നിര്‍ത്തി. 

ചൊവ്വാഴ്ച 12.55ന് ബല്ലബാഗ് സ്റ്റേഷനു സമീപം ഗോള്‍ഡന്‍ ടെംപിള്‍ എക്സ്പ്രസിനു മുന്നിലാണ് അച്ഛനും മക്കളും ചാടിയത്. സ്റ്റേഷന്‍ എത്തുന്നതിന് ഒരു കിലോമീറ്ററോളം മുന്‍പുവച്ചു തന്നെ ഇവര്‍ റെയില്‍വേ ട്രാക്കിലൂടെ നടന്നുവരുന്നത് ലോക്കോ പൈലറ്റ് കണ്ടു. രണ്ട് മക്കളെ ചുമലേറ്റി രണ്ട് മക്കളെ ഓരോ കയ്യിലും പിടിച്ചാണ് മനോജ് ട്രാക്കിലൂടെ നടന്നുവന്നത്. ഉച്ചത്തില്‍ ഹോണ്‍ മുഴക്കിയിട്ടും ഇവര്‍ ട്രാക്കില്‍ നിന്നിറങ്ങിയില്ലെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു.

സംഭവ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിച്ചത്. മനോജിന്‍റെ പോക്കറ്റില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും ഭാര്യയുടെ ഫോണ്‍ നമ്പറും പൊലീസിന് ലഭിച്ചു. ഭാര്യ വിശ്വാസവഞ്ചന ചെയ്തു, അതുകൊണ്ടാണ് ഈ കടുംകൈ ചെയ്യുന്നതെന്ന് കുറിപ്പിലുണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056).

ENGLISH SUMMARY:

A 45-year old man along with his four children jumped in front of a train. All five died on the spot. According to the police, Manoj Mahato (45), a native of Bihar, had some dispute with his wife Priya. This morning, an argument broke out between the couple after which the man left the house saying that he was taking their four children to a park. Before committing suicide, he had given cold drinks and chips to the children. When the train arrived, the children tried to escape, but the man had clutched them in his arms, they said.