സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ ജമ്മു കശ്മീര്‍ സന്ദര്‍ശനം തുടങ്ങി. ശ്രീനഗറിലെത്തിയ സംഘം ആദ്യം പോകുന്നത് ഉറിയിലേക്കാണ്. പാക് ഷെല്ലാക്രമണമുണ്ടായ മേഖലകളിലടക്കം സന്ദര്‍ശനം നടത്തും. എംപിമാരായ കെ.രാധാകൃഷ്ണന്‍, എ.എ.റഹിം എന്നിവരും ഒപ്പമുണ്ട്. സിപിഎം സംഘത്തിന്‍റെ സന്ദര്‍ശനം നാളെയും തുടരും.
പഹൽഗാമിൽ ഭീകരർ കൊലപ്പെടുത്തിയ കുതിരക്കാരൻ ആദിലിന്റെ കുടുംബാംഗങ്ങളെയും സംഘം സന്ദര്‍ശിക്കും. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിൽ പോകാനായിരുന്നു സിപിഎം പദ്ധതി. എന്നാൽ ഓപ്പറേഷൻ സിന്ദൂരിനെ പശ്ചാതലത്തില്‍ സന്ദർശനം മാറ്റിവയ്ക്കുകയായിരുന്നു.
ഇതിനിടെ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തി ഒരുമാസം പിന്നിടുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. വിദേശനയം പരാജയമാണെന്നും സര്‍വകക്ഷി സംഘത്തിന്‍റെ സന്ദര്‍ശനം ഗുണം ചെയ്തില്ലെന്നും പവന്‍ഖേര പറഞ്ഞു. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് ജര്‍മനി അറിയിച്ചതായി രവിശങ്കര്‍ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതികരിച്ചു.
യു.എന്നിന്‍റെ മൂന്ന് സുപ്രധാന സമിതികളുടെ നേതൃസ്ഥാനം പാക്കിസ്ഥാന് ലഭിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നത്. പാക്കിസ്ഥാന് ലഭിച്ച സഹായങ്ങളും അംഗീകാരങ്ങളും പവന്‍ ഖേര അക്കമിട്ട് നിരത്തുന്നു. ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് പാക്കിസ്ഥാന് ഐ.എം.എഫ്. സഹായം ലഭിച്ചു. കുവൈത്തും യു.എ.ഇയും പാക് പൗരന്‍മാര്‍ക്കുള്ള വിസ നിയമങ്ങള്‍ ലഘൂകരിച്ചു. ചൈന പാക്കിസ്ഥാന് ജെറ്റുകള്‍ നല്‍കി. ഇന്ത്യയുടെ വിദേശനയം പൂര്‍ണ പരാജയമാണെന്ന് ഇത് വ്യക്തമാക്കുന്നു.