ഇടവേളയ്ക്കു ശേഷം മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, തൗബാല്‍, കാക്ചിങ്, ബിഷ്ണുപുര്‍ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ചിടത്തും അഞ്ചു ദിവസത്തേക്ക് സമ്പൂർണ ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തി.
തീവ്ര മെയ്തെയ് സംഘടനയായ ആരംബായ് തെംഗോലിന്റെ നേതാവടക്കം അഞ്ചുപേരെ ഇന്നലെ ഇംഫാൽ വെസ്റ്റിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നു. മെയ്തെയ് വിഭാഗക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയും റോഡ് ഉപരോധം നടത്തുകയും ചെയ്തു. ഇതേ തുടർന്നാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. സ്ഥലത്ത് സുരക്ഷ സേന ക്യാംപ് ചെയ്യുന്നുണ്ട്. സംഘര്‍ഷം നടന്ന ചിലയിടങ്ങളില്‍ നിന്നും വെടിയൊച്ചകളുയര്‍ന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കൂടുതല്‍ സംഘര്‍ഷ സാധ്യ കണക്കിലെടുത്ത് ശനിയാഴ്ച രാത്രി 11.45 മുതലാണ് അഞ്ച് ജില്ലകളില്‍ സര്‍ക്കാര്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചത്. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, കാക്ചിക്ക്, തൗബാല്‍, ബിഷ്ണുപൂര്‍ ജില്ലകളിലാണ് നിരോധനം. സാമൂഹ്യവിരുദ്ധര്‍ കൂടുതല്‍ ആക്രമങ്ങള്‍ നടത്തുന്നതിനും പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഇന്‍റര്‍നെറ്റ് ഉപയോഗിച്ചേക്കാമെന്നതിന്‍ മുന്‍കരുതലാണ് നടപടിയെന്ന് മണിപ്പൂര്‍ കമ്മിഷണര്‍ കം– സെക്രട്ടറി എന്‍.അശോക് പറഞ്ഞു.
2023 മെയ് മൂന്നിന് മണിപ്പൂരില്‍ പൊട്ടിപ്പുറപ്പെട്ട വംശീയകലാപത്തിന് ശേഷം പ്രചാരത്തില്‍ എത്തിയ സായുധ റാഡിക്കല്‍ ഗ്രൂപ്പാണ് ആരംഭായ് തെംഗോല്‍. 2023 മെയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ 250 ആളുകളാണ് മണിപ്പൂരില്‍ കൊല്ലപ്പെട്ടത്. ഈ വര്‍ഷം ഫെബ്രുവരി 13 മുതല്‍ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണമാണ് നടപ്പിലാക്കുന്നത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവച്ചതിന് പിന്നാലെയായിരുന്നു രാഷ്ട്രപതി ഭരണം.