rahul-article

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം ആവര്‍ത്തിക്കുന്ന രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍.  വ്യക്തതവരുത്തിയ കാര്യത്തില്‍ ആരോപണം ആവര്‍ത്തിക്കുന്നത് അസംബന്ധം. പരാജയപ്പെടുമ്പോള്‍ മാത്രമാണ് പരാതി. ദുഷ്പ്രചരണം നിയമങ്ങളോടുള്ള അനാദരവാണെന്നും കമ്മീഷന്‍ മറുപടി നല്‍കി. രാഹുലിന് പരാജയ ഭീതിയാണെന്ന്  ബിജെപി ‌പരിഹസിച്ചു. 

ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളില്‍ എഴുതിയ ലേഖനത്തിലാണ് മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് ക്രമക്കേട്  ആരോപണം രാഹുല്‍ ഗാന്ധി ആവർത്തിച്ചത്. ജനാധിപത്യത്തെ അട്ടിമറിക്കുന്നതിൻ്റെ  രൂപരേഖയായിരുന്നു മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പെന്നാണ് രാഹുലിന്റെ വാദം. തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്ന പാനൽ മാറ്റി, വ്യാജ വോട്ടർമാരെ പട്ടികയിൽ ചേർത്തു, വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തി, ബിജെപിക്ക് ജയിക്കേണ്ട സ്ഥലങ്ങളിൽ അനുകൂല അന്തരീക്ഷം ഉണ്ടാക്കി, തെളിവുകൾ നശിപ്പിച്ചു എന്നിങ്ങനെ അഞ്ച് ഘട്ടമായാണ് ക്രമക്കേട് നടത്തിയതെന്നാണ് ലേഖനത്തില്‍ രാഹുല്‍ വിശദീകരിക്കുന്നത് . ബീഹാർ തിരഞ്ഞെടുപ്പിലും ക്രമക്കേടിന് സാധ്യതയുണ്ടെന്ന് പറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത്. 

ഇതിന് പിന്നാലെയാണ് ശക്തമായ ഭാഷയില്‍ മറുപടി നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവന ഇറക്കിയത്. ആരോപണം ആദ്യമുന്നയിച്ചപ്പോള്‍ തന്നെ വസ്തുതകള്‍ നിരത്തി കോണ്‍ഗ്രസിന് മറുപടി നല്‍കിയതാണ്. മറുപടി കമ്മീഷന്റെ വെബ്സൈറ്റില്‍ ഉണ്ട്. തെറ്റായ വസ്തുതകൾ പ്രചരിപ്പിക്കുന്നത് നിയമങ്ങളോട് കാണിക്കുന്ന അനാദരവാണെന്നും  പരാജയമുണ്ടാകുമ്പോള്‍ മാത്രമാണ് പരാതി എന്നും കമ്മീഷന്‍ വിമര്‍ശിച്ചു.

രാഹുല്‍ മുന്‍കൂര്‍ ജാമ്യം എടുക്കുകയാണെന്നും പരാജയ ഭയമാണെന്നും  ബിജെപി പരിഹസിച്ചു. തെറ്റായ പ്രചാരണം നടത്തുകയാണെന്നും വസ്തുതകൾ ഉൾക്കൊള്ളാൻ രാഹുൽ തയാറാകുന്നില്ലെന്നും ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ വിമര്‍ശിച്ചു.

ENGLISH SUMMARY:

The Election Commission has strongly criticized Rahul Gandhi for repeatedly alleging irregularities in the Maharashtra Assembly elections. The Commission stated that such remarks undermine public trust in democratic institutions.