A number of shoes and slippers lying outside the Chinnaswamy Stadium after a stampede
ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ക്ലബും കുരുക്കിലേക്ക്. വിജയാഘോഷ റാലി പ്രഖ്യാപിച്ചത് പൊലീസിന്റെ വിലക്ക് മറികടന്നെന്ന് സൂചന. അനുമതി നിഷേധിച്ചിട്ടും സ്വന്തം നിലയ്ക്ക് ക്ലബ് രണ്ടാമത് വിക്ടറി പരേഡ് പ്രഖ്യാപിച്ചെന്നാണ് വിവരം. സംഭവത്തില്‍ കർണാടക ക്രിക്കറ്റ് അസോസിയേഷനും ഗുരുതര വീഴ്ചയുണ്ടായെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. പരിപാടിയുടെ സംഘാടകരായ കെ.എസ്.സി.എ വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്തിയില്ലെന്നാണ് വിലയിരുത്തല്‍. പ്രതീക്ഷിക്കാതെ ആള്‍ക്കൂട്ടം തടിച്ചുകൂടിയത് അപകടകാരണമെന്ന് ഡി .ജി.പി. പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി .മതിയായ സുരക്ഷ ഒരുക്കിയിരുന്നെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കര്‍ണാടക ഡി.ജി.പി. പറയുന്നു.
ആര്‍.സി.ബി വിജയാഘോഷത്തിനായി ബെംഗളൂരിവില്‍ തടിച്ചുകൂടിയത് നാലുലക്ഷത്തോളം പേരാണ്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മാത്രം മൂന്നുലക്ഷത്തോളം പേരെത്തി. സ്റ്റേഡിയത്തിലെ സിറ്റിങ് കപ്പാസിറ്റി മുപ്പത്തി അയ്യായിരം മാത്രമാണ്. സംഭവത്തില്‍ മജിസ്‌ട്രേട്ട് തല അന്വേഷണം 15 ദിവസത്തിനകം പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശമുണ്ട്. സംഘാടകര്‍ക്കോ പൊലീസിനോ വീഴ്ചയുണ്ടായോ എന്ന് കണ്ടെത്താനാണ് അന്വേഷണമെന്ന് ബെംഗളൂരു അര്‍ബന്‍ ഡപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു. അതേസമയം, മരിച്ച 11പേരെയും തിരിച്ചറിഞ്ഞു. ഇതിൽ ബെംഗളുരു സ്വദേശികളുടെ പോസ്റ്റ്മോർട്ടം ആണ് ആദ്യം നടക്കുക. മറ്റുള്ളവരുടെ പോസ്റ്റ് മോർട്ടം ബന്ധുക്കൾ എത്തിയശേഷമേ നടക്കൂ. നിലവില്‍ ചികില്‍സയിലുള്ള 33 പേരുടെയും നില ഗുരുതരമല്ല.
സ്റ്റേഡിയത്തിലെ മൂന്നു ഗേറ്റുകളിലാണ് അപകടമുണ്ടായത്. കബ്ബണ്‍ പാര്‍ക്ക് ഭാഗത്തെ ഒന്‍പതാം ഗേറ്റിലും മൂന്ന്, 21 നമ്പര്‍ ഗേറ്റിലും തിരക്കുണ്ടായി. അപകടത്തിന് ശേഷവും സ്റ്റേഡിയത്തില്‍ ആഘോഷം തുടരുകയായിരുന്നു. വിരാട് കോലി വേദിയില്‍ പ്രസംഗിച്ചു. അപകടത്തിന് ശേഷം അടച്ച ബെംഗളൂരു മെട്രോ സ്റ്റേഷനുകൾ തുറന്നു. കാബ്ബണ്‍ പാർക്ക്, എംജി റോഡ്,വിധാന സൗധ സ്റ്റേഷനുകൾ ആണ് തുറന്നത്.അപകടത്തില്‍ ആര്‍സിബി ടീം മാനേജ്മെന്‍റ് അനുശോചനം രേഖപ്പെടുത്തി. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചിരുന്നുവെന്നും മാനേജ്മെന്‍റ് അറിയിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തത്തില്‍ സഹായധനം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. മരണപ്പെട്ടവര്‍ക്ക് 10 ലക്ഷംരൂപ സഹായധനം പ്രഖ്യാപിച്ചു. മജിസ്ട്രേറ്റ്തല അന്വേഷണത്തിന് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു.
അതേസമയം, ബെoഗളൂരു ദുരന്തം ഹൃദയഭേദകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും പ്രധാനമന്ത്രി പറഞ്ഞു. സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെ അനുശോചിച്ചു. ബംഗളൂരുവിലെ ദുരന്തം ദുഃഖകരമെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ഖര്‍ഗെ പറഞ്ഞു.