പ്രളയം തുടരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സ്ഥിതി അതിസങ്കീർണം. മരണം 40 ആയി. സിക്കിമിലെ ഛാത്തൻ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ സേനാംഗങ്ങളെയും കുടുംബാംഗങ്ങളെയും കണ്ടെത്താനായില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി സംസാരിച്ച് സ്ഥിതി വിലയിരുത്തി.
വടക്കുകിഴക്കൽ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ നിർത്താതെ തുടരുകയാണ്. സിക്കിം അരുണാചൽ പ്രദേശ് മണിപ്പൂർ അസം എന്നിവിടങ്ങളിൽ ഭൂരിഭാഗം ജില്ലകളും വെള്ളത്തിനടിയിലാണ്. റെഡ് അലർട്ട് തുടരുന്നതിനാൽ രക്ഷാപ്രവർത്തനവും ദുഷ്കരമായിരിക്കുകയാണ്. സിക്കിമിലെ ഛാത്തൻ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ സേനാംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി കൂടുതൽ ഇടങ്ങളിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ചു.
ആറു പേരെയാണ് കണ്ടെത്താനുള്ളത്. മൂന്നു മൃതദേഹങ്ങൾ ഇന്നലെ കണ്ടെടുത്തിരുന്നു. അതേസമയം ലാചെനിൽ 100 വിനോദസഞ്ചാരികൾ ദിവസങ്ങളായി കുടുങ്ങിക്കിടക്കുകയാണ്. കുടുങ്ങിക്കിടക്കുന്ന വരെ ഒഴിപ്പിക്കാൻ വ്യോമസേനാ വിമാനങ്ങൾ ഇറക്കിയിട്ടുണ്ട്.
അസം, സിക്കിം, അരുണാചൽ പ്രദേശ് മുഖ്യമന്ത്രിമാരുമായും മണിപ്പൂർ ഗവർണറുമായും പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു. സാധ്യമായ എല്ലാ സഹായവും ഉറപ്പു നൽകിയിട്ടുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷായും സ്ഥിതി നിരന്തരം വിലയിരുത്തുന്നുണ്ട്.