അമ്മയെയും നാലുവയസ്സുകാരനായ മകനെയും റെയില്‍പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തമിഴ്നാട്ടിലെ തിരുപ്പൂര്‍ റെയില്‍വേ സ്റ്റേഷനു സമീപമാണ് വിജയലക്ഷ്മി (26) മകന്‍ യാദേശ്വരന്‍ (4) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തിരുവാരൂര്‍ ജില്ലയിലെ തിരുതുറൈപൂണ്ടി സ്വദേശിനിയാണ് വിജയലക്ഷ്മി.
വിജയലക്ഷ്മിയുടെ ഹാന്‍ഡ്ബാഗിലുണ്ടായിരുന്ന രേഖകള്‍ പരിശോധിച്ചാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. തിരുച്ചിറപ്പള്ളിയില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള ട്രെയിന്‍ ടിക്കറ്റുകളും ചില കുറിപ്പുകളും പൊലീസിന് ലഭിച്ചു. ഞായറാഴ്ച ക്ഷേത്രത്തില്‍പ്പോകുന്നെന്നുപറഞ്ഞ് വീട്ടില്‍നിന്നും മകനെയുംകൂട്ടി വിജയലക്ഷ്മി പോവുകയായിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.
ഞായറാഴ്ച കുഞ്ഞിനെയും കൊണ്ട് വീട്ടില്‍ നിന്നിറങ്ങിയ വിജയലക്ഷ്മിയെ നേരം വൈകിയിട്ടും കാണാതായതോടെ ബന്ധുക്കള്‍ അന്വേഷിക്കാന്‍ തുടങ്ങി. അതിനിടെയാണ് ഇന്നലെ തിരുപ്പൂരില്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് അമ്മയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിജയലക്ഷ്മിക്ക് ചില കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൃതദേഹങ്ങള്‍ തിരുപ്പൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.