ഓട്ടോറിക്ഷ ഡ്രൈവറെ ചെരുപ്പൂരി തല്ലിയ യുവതിയെ അറസ്റ്റ് ചെയ്ത് കര്‍ണാടക പൊലീസ്. ഓട്ടോഡ്രൈവറായ ലോകേഷുമായി വഴിയില്‍ വച്ച് തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ചെരുപ്പൂരി തല്ലുകയും ചെയ്യുന്ന വിഡിയോ വൈറലായതിനുപിന്നാലെയാണ് പങ്കൂരി മിശ്ര എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഭര്‍ത്താവുമൊത്ത് സ്കൂട്ടറില്‍ യാത്ര ചെയ്യവേ ലോകേഷിന്‍റെ ഓട്ടോ തന്‍റെ കാലില്‍ ഇടിച്ചുവെന്ന് യുവതി പറഞ്ഞു. തുടര്‍ന്നാണ് പങ്കൂരി ലോകേഷുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്. ആരെയോ ഫോണില്‍ വിളിച്ച പങ്കൂരി ഈ വിവരം സംസാരിക്കുകയും ചെയ്തു. ഇത് ലോകേഷ് വിഡിയോ എടുത്തതോടെ പ്രകോപിതയായ പങ്കൂരി ചെരുപ്പൂരി ഓട്ടോ ഡ്രൈവറെ തല്ലുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ പങ്കൂരിയുടെ ഭര്‍ത്താവും ഇതെല്ലാം വിഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു.
അതേസമയം യുവതിയുടെ കാലില്‍ ഓട്ടോ ഇടിച്ചു എന്ന ആരോപണം ലോകേഷ് നിഷേധിച്ചു. യുവതി കന്നഡക്ക് പകരം ഹിന്ദിയില്‍ സംസാരിക്കാന്‍ തുടങ്ങിയതോടെയാണ് താന്‍ വിഡിയോ എടുക്കാന്‍ തുടങ്ങിയതെന്ന് ലോകേഷ് പറഞ്ഞു. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ യുവതിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു.
പിന്നാലെ ഇവര്‍ ഓട്ടോ ഡ്രൈവറോട് ക്ഷമ ചോദിക്കുന്ന വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. താന്‍ ഗര്‍ഭിണിയാണെന്നും ഗര്‍ഭം അലസിപ്പോവുകയായിരുന്നെങ്കില്‍ എന്ത് സംഭവിക്കും എന്ന ചിന്തയിലാണ് അങ്ങനെ പെരുമാറിയതെന്നും യുവതി പറഞ്ഞു. കര്‍ണാടകയിലെ ജനങ്ങളോട് യാതൊരു വിരോധവുമില്ലെന്നും യുവതി പറഞ്ഞു. പങ്കൂരിയും ഭര്‍ത്താവും ലോകേഷിന്‍റെ കാല് പിടിച്ച് മാപ്പ് പറയുന്നതും വിഡിയോയില്‍ കാണാം.