പഹൽഗാം ഭീരാക്രമണവും ഓപറേഷൻ സിന്ദൂറും ചർച്ചചെയ്യാൻ ജൂൺ 16ന് പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം വിളിക്കുന്നത് കേന്ദ്ര സർക്കാര്‍ പരിഗണിക്കുന്നു. അവ്യക്തതകള്‍ തുടരുന്നതിനാല്‍ ഉടന്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ച് പ്രധാനമന്ത്രി മറുപടി നല്‍കണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യമുയര്‍ത്തിയിരുന്നു. അതിനിടെ ജനാധിപത്യ രാജ്യത്ത് അഭിപ്രായങ്ങളും വിമർശനങ്ങളും ഉണ്ടാകുമെന്ന് മോദി പ്രശംസ വിവാദത്തിൽ ശശി തരൂര്‍ പ്രതികരിച്ചു.
ഓപറേഷന്‍ സിന്ദൂറിന്‍റെ ആദ്യഘട്ടത്തിൽ ഇന്ത്യയ്ക്ക് നാശനഷ്ടം ഉണ്ടായി എന്ന സംയുക്ത സേനാമേധാവിയുടെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ്. വിദേശ മണ്ണില്‍ വച്ച് വിദേശ മാധ്യമങ്ങളിലൂടെ പാര്‍ലമെന്റിനെ പോലും അറിയിക്കാത്ത കാര്യങ്ങള്‍ സംയുക്ത സേനാമേധാവി വെളിപ്പെടുത്തിയത് വിഷയത്തിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നു. സംയുക്ത സേനാമേധാവിയുടെ പ്രസ്താവനയിൽ കേന്ദ്രമന്ത്രിമാരാരും പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇതോടെയാണ് ജൂൺ 16ന് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ക്ക് യാഥാര്‍ഥ്യം അറിയേണ്ടതുണ്ടെന്നും ഉടന്‍ പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
അതേസമയം മോദി പ്രശംസയില്‍ കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുള്ള എതിര്‍പ്പുകളെ കണ്ടെല്ലെന്ന് നടിക്കുകയാണ് ശശി തരൂര്‍ . ജനാധിപത്യ രാജ്യത്ത് അഭിപ്രായങ്ങളും വിമർശനങ്ങളും ഉണ്ടാകും. രാജ്യത്ത് മടങ്ങിയെത്തിയാൽ സഹപ്രവർത്തകരോടും വിമർശകരോടും മാധ്യമങ്ങളോടും സംസാരിക്കാൻ അവസരം ലഭിക്കും. ഇപ്പോൾ ശ്രദ്ധ സർവകക്ഷി സംഘം എത്തുന്ന രാജ്യങ്ങളിൽ ഇന്ത്യയുടെ നിലപാട് അറിയിക്കുന്നതിലാണെന്നും തരൂർ ബ്രസീലിലെ മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കി.