anil-chauhan

ഓപ്പറേഷന്‍ സിന്ദൂരിനിടെ ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍ പാകിസ്ഥാന്‍ വെടിവെച്ചിട്ടെന്ന്  സംയുക്ത സേന മേധാവി ജനറൽ അനിൽ ചൗഹാൻ. രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ എത്ര യുദ്ധ വിമാനങ്ങള്‍ പാകിസ്ഥാന്‍ വീഴ്ത്തി എന്ന് പറയാന്‍ അദ്ദേഹം തയ്യാറായില്ല.  അതേസമയം ഒാപ്പറേഷന്‍ സിന്ദൂര്‍  ഇന്ത്യയുടെ വീര്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി ഭോപ്പാലില്‍ പറഞ്ഞു.  പുറത്ത് വരുന്ന വിവരങ്ങളിലെല്ലാം  സര്‍ക്കാരിന്റെ പ്രതികരണം എന്തെന്ന് കോണ്‍ഗ്രസ് ചോദിച്ചു.  

ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം ഏറ്റവും അധികം തവണ ഉയര്‍ന്ന ചോദ്യത്തിനുള്ള ഉത്തരമാണിത്. മേയ് 7 ന് പാകിസ്ഥാനുമായുള്ള ഏറ്റുമുട്ടലിൽ വ്യോമസേനയ്ക്ക് യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടു എന്ന്  സംയുക്ത സേന മേധാവി  ജനറൽ അനിൽ ചൗഹാൻ സമ്മതിക്കുന്നു. എന്തുകൊണ്ട് വെടിവെച്ചിട്ടു എന്നതാണ് പ്രധാനം.  പറ്റിയ തെറ്റ് മനസ്സിലാക്കി തിരുത്തി പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കി  എന്നും സിംഗപ്പൂരിൽ വച്ച്  രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. എത്ര യുദ്ധ വിമാനങ്ങള്‍ പാകിസ്ഥാന്‍ വീഴ്ത്തി എന്നതിന് ഉത്തരം നല്‍കാന്‍ വിസമ്മതിച്ച അദ്ദേഹം ആറ് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വീഴ്തതി എന്ന പാക് വാദം തെറ്റാണെന്ന് വ്യക്തമാക്കി. അതേസമയം ഒാപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയുടെ വീര്യത്തിന്റെയും സ്ത്രീ ശക്തിയുടെയും പ്രതീകമെന്ന് പ്രധാനമന്ത്രി നേരന്ദ്ര മോദി ഭോപ്പാലില്‍ ബിജെപി പരിപാടിയില്‍ പറഞ്ഞു. 

ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ചും പഹല്‍ഗാം ഭീകരാക്രമണം സംബന്ധിച്ചും നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നതിനാല്‍ കാർഗിൽ അവലോകന സമിതിക്ക് സമാനമായി സർക്കാർ സമിതി രൂപീകരിക്കുമോ എന്ന് കോണ്‍ഗ്രസ് ചോദിച്ചു.

ENGLISH SUMMARY:

"Understood Tactical Mistakes, Remedied And Rectified": Top General On Op Sindoor Losses