ഇറാനിൽ മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പാക്കിസ്ഥാന്റെ പങ്ക് അന്വേഷിക്കാന്‍ ഇന്ത്യ. തട്ടിക്കൊണ്ടുപോയവരുടെ കുടുംബങ്ങൾക്ക് പാക്കിസ്ഥാന്‍ ഫോൺ നമ്പറുകളിൽ നിന്ന് മോചനദ്രവ്യം ലഭിക്കുന്നതിനുള്ള കോളുകൾ ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം. സംഭവത്തിൽ പാക്കിസ്ഥാൻ ചാര സംഘടനയായ ഐഎസ്‌ഐയുടെ പങ്കിനെക്കുറിച്ചും സംശയമുള്ളതായി ദേശിയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
പഞ്ചാബിലെ സംഗ്രൂർ സ്വദേശി ഹുഷന്‍പ്രീത് സിങ്, ഹോഷിയാർപൂർ സ്വദേശി ജസ്പാല്‍ സിങ്, എസ്‌ബിഎസ് നഗർ സ്വദേശി അമൃത്പാല്‍ സിങ് എന്നിവരെയാണ് ടെഹ്റാനില്‍ നിന്നും കാണാതായത്. വിഷയം ഇറാനിയൻ അധികൃതരുമായി ചർച്ച ചെയ്തതായും കാണാതായ ഇന്ത്യക്കാരെ അടിയന്തരമായി കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ഇറാനില്‍ കാണാതയ ഇന്ത്യക്കാര്‍ പാക്കിസ്ഥാന്‍റെ കസ്റ്റഡിയിലാണെന്നും മൂവരും പാക്കിസ്ഥാനില്‍ "ചാരവൃത്തി" നടത്തിയിട്ടുണ്ടെന്ന് തെളിയിക്കാൻ ഐഎസ്‌ഐ ശ്രമിക്കുമെന്നാണ് വിവരം. മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും നിയമവിരുദ്ധ ഏജൻസികളുടെ ഇരകളാകരുതെന്നും ഇറാൻ ഇന്ത്യക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇറാനിൽ കാണാതായ ഇന്ത്യക്കാരുടെ രണ്ടാമത്തെ കേസാണിത്.
ദുബായ്-ഇറാൻ വഴി ഓസ്‌ട്രേലിയയിലേക്ക് എത്തിക്കാനാണ് പഞ്ചാബിലെ ഏജന്റ് മൂന്ന് പേരെയും ടെഹ്റാനിലേക്ക് എത്തിച്ചത്. ഏജന്റിന് പാകിസ്ഥാൻ സർക്കാരുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും സർക്കാർ അന്വേഷിക്കുന്നുണ്ട്. എന്നാല്‍ ഹോഷിയാർപൂരിൽ നിന്നുള്ള ഏജന്റിനെ കാണാനില്ലെന്നാണ് റിപ്പോർട്ട്.
മൂന്നുപേരും ഒരുമിച്ച് 19 ലക്ഷത്തിലധികം രൂപ ഏജന്റുമാർക്ക് നൽകിയിരുന്നു എന്നാണ് വിവരം. ഏപ്രിൽ ഒന്നിന് ജസ്പാലാണ് ആദ്യം ദുബായിലേക്ക് എത്തുന്നത്. ഇവിടെ ഒരു മാസത്തോളം താമസിപ്പിച്ച ശേഷം മുഴുവൻ തുകയും നൽകിയതിന് പിന്നാലെ ഏപ്രിൽ 25 ന് അമൃത്പാലിനെയും ഹുസാൻപ്രീതിനെയും ദുബായിലേക്ക് എത്തിച്ചു. തുടര്‍ന്ന് മേയ് ആദ്യവാരമാണ് വിമാനത്തില്‍ ഇവരെ ടെഹ്‌റാനിലേക്ക് കൊണ്ടുപോയത്.
ടെഹ്‌റാനിലെത്തിയതിന് പിന്നാലെ അജ്ഞാതരായ വ്യക്തികൾ ഇന്ത്യൻ ഏജന്‍റിന്‍റെ ആളാണെന്ന് വിശ്വസിപ്പിച്ച് ടാക്സിയിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. പിന്നീട് 18 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് കുടുംബങ്ങളെ ബന്ധപ്പെടുകയായിരുന്നു. പണം പാക്കിസ്ഥാനിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാനാണ് സംഘം ആവശ്യപ്പെട്ടത്.