pakistan-to-sent-army-to-gaza

Image Credit:AFP/AP/Reuters

സാമ്പത്തിക  പ്രതിസന്ധി മറികടക്കാന്‍ ഗാസയിലേക്ക് 20,000 സൈനികരെ ഇറക്കാന്‍ ഇസ്രയേലുമായി പാക്കിസ്ഥാന്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. പാക് സൈനിക നേതൃത്വവും മൊസാദും തമ്മില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവെന്നും സിഐഎ ആണ് മുന്‍കൈയെടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്. പാക് സൈനിക മേധാവി അസിം മുനീര്‍, മൊസാദിന്‍റെ ഉന്നതര്‍, സിഐഎ ഉന്നതര്‍ എന്നിവര്‍ ഈജിപ്തിലാണ് ഇതിനായി രഹസ്യ യോഗം ചേര്‍ന്നതെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഹമാസിന്‍റെ ഭാഗത്ത് നിന്നും കരാര്‍ ലംഘനമുണ്ടായാല്‍ ഗാസയില്‍ സൈന്യമിറങ്ങുമെന്നും ഹമാസിനെ ഉന്‍മൂലനം ചെയ്യുമെന്നും നേരത്തെ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ സൈന്യമാവില്ല ഇറങ്ങുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ട്രംപിന്‍റെ ഈ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ പാക്കിസ്ഥാന്‍റെ വിദേശനയത്തിലെ സുപ്രധാന മാറ്റമാകും ഇത്. ഇസ്രയേലിനെ ഇതുവരേക്കും ഔദ്യോഗികമായി അംഗീകരിക്കാത്ത പാക്കിസ്ഥാന്‍, കടുത്ത ഇസ്​ലാം വിരുദ്ധനിലപാടുകളുള്ള ഇസ്രയേലിനോട് എങ്ങനെ യോജിച്ച് പ്രവര്‍ത്തിക്കുമെന്നാണ് തുര്‍ക്കി ഉള്‍പ്പടെയുള്ളവ ഉറ്റുനോക്കുന്നത്. 

സൈന്യം ഗാസയുടെ 'പുനരുദ്ധാരണത്തിന്'

ഗാസയില്‍ പാക് പട്ടാളത്തെ നിയന്ത്രിതമായി വിന്യസിക്കാന്‍ തീരുമാനമായെന്നും ഇത് ഗാസയുടെ പുനരുദ്ധാരണത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമാണെന്നാണ് പദ്ധതി പറയുന്നത്. എന്നാല്‍ ഇത് പുറമേയ്ക്കുള്ള പറച്ചില്‍ മാത്രമാണെന്നും ഗാസയില്‍ ഹമാസിനെ ഉന്‍മൂലനം ചെയ്ത് പ്രദേശത്ത് യുഎസിന്‍റെയും ഇസ്രയേലിന്‍റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണ് യഥാര്‍ഥ ലക്ഷ്യമെന്ന് വിലയിരുത്തുന്നവരും കുറവല്ല. ഇസ്രയേലിനും ഗാസയ്ക്കുമിടയില്‍ ബഫര്‍ സോണിലാകും പാക് പട്ടാളത്തെ വിന്യസിക്കുകയെന്നും പാക് സൈനികര്‍ക്കൊപ്പം ഇന്തൊനേഷ്യയില്‍ നിന്നും അസര്‍ബൈജാനില്‍ നിന്നുമുള്ള സൈനികരും ഉണ്ടാകുമെന്നും യുദ്ധാനന്തര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ട് പറയുന്നു.

'പാസ്പോര്‍ട്ട്' തിരുത്തി പാക്കിസ്ഥാന്‍

പാക്കിസ്ഥാന്‍റെ ഈ നടപടിക്ക് പ്രതിഫലമായി ലോകബാങ്ക് വായ്പ, വായ് തിരിച്ചടവില്‍ സാവകാശം, മറ്റ് സാമ്പത്തിക സഹായങ്ങള്‍ എന്നിവയാണ് വാഷിങ്ടണും ടെല്‍അവീവും വാഗ്ദാനം ചെയ്യുന്നത്. പാക് പാസ്പോര്‍ട്ടില്‍ മുന്‍പ് 'ഇസ്രയേലില്‍ സാധുവല്ല' എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയതായി അച്ചടിക്കുന്ന പാസ്പോര്‍ട്ടുകളില്‍ ഈ വരി ഒഴിവാക്കിയത് നിര്‍ണായക മാറ്റമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

പലസ്തീനെ ഒറ്റുകൊടുക്കുന്നതിന് തുല്യമെന്ന് ഇറാന്‍

അതേസമയം, പാക് നീക്കത്തിനെതിരെ വലിയ എതിര്‍പ്പാണ് ഇറാനും തുര്‍ക്കിയും ഖത്തറും ഉയര്‍ത്തുന്നത്. ചില്ലിക്കാശിനും പാശ്ചാത്യ താല്‍പര്യത്തിനുമായി പലസ്തീനെ ഒറ്റുകൊടുക്കുകയാണ് പാക്കിസ്ഥാന്‍ ചെയ്യുന്നതെന്നാണ് ഇറാനുള്‍പ്പടെയുള്ളവര്‍ വിമര്‍ശിക്കുന്നത്. ഇസ്രയേലിനെ പ്രധാനശത്രുവായി കാണുന്ന ഇസ്​ലാമിക രാജ്യങ്ങള്‍ പാക് നടപടിയോട് എങ്ങനെ  പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണണം. 

ENGLISH SUMMARY:

Pakistan Gaza agreement involves sending troops. This move aims to assist Gaza reconstruction and potentially serve broader strategic interests in the region.