Image Credit: reddit/indiasocial
തന്നെ തുറിച്ചുനോക്കി സ്വയംഭോഗം ചെയ്ത അയല്‍ക്കാരന്‍റെ ദൃശ്യങ്ങള്‍ റെഡ്ഡിറ്റില്‍ പങ്കുവച്ച് യുവതി. സ്വന്തം വീട്ടില്‍ നിന്ന് അയല്‍പക്കത്തെ ടെറസിലേക്ക് നോക്കിയപ്പോള്‍ ഉണ്ടായ ദുരനുഭവമാണ് യുവതി പങ്കുവച്ചത്. ഈ അനുഭവം തന്നോടു തന്നെ വെറുപ്പും ഭയവും ഉണ്ടാക്കിയെന്ന് യുവതി പറയുന്നു. വീട്ടുകാരോട് പറയാന്‍ കഴിയില്ലെന്നും പക്ഷേ ഇതിനെതിരെ എന്തെങ്കിലും ചെയ്യണമെന്നും റെഡ്ഡിറ്റ് പോസ്റ്റില്‍ പറയുന്നു. ഇത്തരം ദുഷ്ചെയ്തികള്‍ തടയാനും നേരിടാനുമുള്ള ഫലപ്രദമായ നിര്‍ദേശങ്ങളും അവര്‍ തേടുന്നുണ്ട്.
‘വീടിന്റെ ടെറസിലേക്ക് കയറിയപ്പോൾ അയൽപക്കത്തെ കെട്ടിടത്തിൽ നിൽക്കുന്ന ഒരാൾ എന്നെത്തന്നെ തുറിച്ചുനോക്കിനില്‍ക്കുന്നു. തോന്നല്‍ ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ അയാള്‍ കണ്ണിമയ്ക്കാതെ നോക്കിനിന്നു. ഞാന്‍ വല്ലാതെ അസ്വസ്ഥയായി. അയാളുടെ നോട്ടം ഒഴിവാക്കാന്‍ അവിടെനിന്ന് മാറിനിന്നു. പക്ഷേ അപ്പോഴും അയാളുടെ കണ്ണുകള്‍ എന്നെ പിന്തുടരുന്നുണ്ടായിരുന്നു. അപ്പോളാണ് അയാള്‍ സ്വയംഭോഗം ചെയ്യുന്നത് ശ്രദ്ധിച്ചത്. എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായപ്പോൾ തെളിവായി കുറച്ച് ചിത്രങ്ങളെടുത്തു. അപ്പോളും അയാള്‍ അത് അവസാനിപ്പിച്ചിരുന്നില്ല’. എങ്ങനെ പ്രതികരിക്കണമെന്നറിയാതെ നടുങ്ങിപ്പോയെന്ന് യുവതി പറഞ്ഞു.
‘വീട്ടുകാര്‍ തന്നെ കുറ്റപ്പെടുത്തില്ല. പക്ഷേ ഒറ്റയ്ക്ക് ടെറസിൽ പോകരുതെന്ന് അവര്‍ ആവശ്യപ്പെട്ടേക്കാം. ഭയം കാരണം അമിതമായി തന്‍റെ കാര്യത്തില്‍ ശ്രദ്ധിക്കുകയും തന്‍റെ സ്വാതന്ത്യ്രം നിയന്ത്രിക്കുകയും ചെയ്തേക്കാം’ – യുവതി പോസ്റ്റില്‍ കുറിച്ചു. ‘എനിക്ക് പേടിയാണ്, ഞാന്‍ എവിടെയാണ് താമസിക്കുന്നതെന്ന് അയാള്‍ക്ക് കൃത്യമായി അറിയാം. പൊലീസിനോട് പറയാന്‍ ഭയമാണ്. അങ്ങനെ ചെയ്താലും വീട്ടുകാര്‍ അറിയും.’ എന്നാല്‍ ഇത്തരം പ്രവൃത്തികള്‍ നിയന്ത്രിക്കപ്പെടാതെ പോകരുതെന്നും യുവതി പറഞ്ഞു.
യുവതിയുടെ പോസ്റ്റിന് താഴെ ഒട്ടേറെപ്പേര്‍ നിര്‍ദേശങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒറ്റയ്ക്കോ ഏതെങ്കിലും സുഹൃത്തിനൊപ്പമോ ഉടന്‍ പൊലീസില്‍ അറിയിക്കണമെന്നാണ് മിക്കവരുടെയും അഭിപ്രായം. പൊലീസ് പേരുവിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്നും ഒരാള്‍ കുറിച്ചു. ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കണ്ടെത്തുക, വിവരം പറയുക എന്നാണ് മറ്റൊരു നിര്‍ദേശം. ‘മിണ്ടാതിരിക്കരുത്. അത് അയാള്‍ക്ക് പ്രോല്‍സാഹനമായി മാറിയേക്കും. വീണ്ടും ഇതേ തെറ്റ് ചെയ്യും’ – മറ്റൊരു ഉപയോക്താവ് പറയുന്നു. നിങ്ങൾ ഒറ്റയ്ക്കല്ല, സഹായം തേടാന്‍ മടിക്കരുത് എന്നാണ് ഒട്ടുമിക്ക കമന്റുകളിലും ഉള്ളത്. ‘നിങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല, ലജ്ജിക്കേണ്ടത് അവനാണ്’ എന്നും ഒരാള്‍ കുറിച്ചു.