പണത്തിന്‍റേയോ പ്രായത്തിന്‍റേയോ ഒക്കെ അതിര്‍വരമ്പുകളില്ലാതെ എല്ലാവരിലേക്കും ഭരതനാട്യമെന്ന കലയെ എത്തിക്കുകയാണ് ചെന്നൈയിലെ ഒരു നൃത്താധ്യാപിക. സൗജന്യമായി ഓരോ കുട്ടിക്കും നൃത്തത്തിന്‍റെ പാഠങ്ങള്‍ പകര്‍ന്നു കൊടുക്കുകയാണ് മലയാളിയായ നീലകേശി.
കണ്ണകി നഗറിലെ മുതല്‍ തലൈമുറൈ ട്രസ്റ്റ്. ഇവിടെ യാതൊന്നിന്‍റേയും വേലിക്കെട്ടുകളില്ലാതെ ഭരതനാട്യം പഠിക്കുകയാണ് ഒരുകൂട്ടം വിദ്യാര്‍ഥികള്‍. ആറ് വയസു മുതല്‍ 50 വയസുവരെ ഉള്ളവര്‍ ഇവിടെ നൃത്തം പഠിക്കുന്നുണ്ട്. നഗരത്തില്‍ ഭരതനാട്യം പഠിക്കാന്‍ വലിയ ചെലവ് വരുമെന്നിരിക്കെ സൗജന്യമായി ഓരോ കുട്ടിക്കും കല പകര്‍ന്നുനല്‍കുകയാണ്.
ആറാം വയസുമുതല്‍ നീലകേസി നൃത്തം പഠിച്ച് തുടങ്ങി. നിലവില്‍ ചെന്നൈയില്‍ സ്ഥിരതാമസം. ആഴ്ചയില്‍ രണ്ടുദിവസമാണ് മുതല്‍ തലൈമുറൈയില്‍ എത്തുന്ന കുട്ടികള്‍ക്ക് നൃത്തം പഠിപ്പിക്കുന്നത്. ഒരുപാട് വേദികള്‍ കീഴടക്കണമെന്ന ലക്ഷ്യം പങ്കുവയ്ക്കുകയാണ് വിദ്യാര്‍ഥികള്‍.
കണ്ണകി നഗറിലെ നൈപുണ്യവികസന ട്രസ്റ്റാണ് മുതല്‍ തലൈമുറൈ. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി നിരവധി മേഖലകളില്‍ പരിശീലനം നല്‍കുന്നു. യോഗ, ബോക്സിങ്,, പറയാട്ടം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. 400 ഓളം പേര്‍ ഇവിടെ പരിശീലനം തേടുന്നുണ്ട്. തമിഴ്നാട് മുന്‍ ചീഫ് സെക്രട്ടറി വി.ഇരൈ അന്‍പിന്‍റെ മാര്‍ഗനിര്‍ദേശങ്ങളും മുതല്‍ തലൈമുറയ്ക്ക് കരുത്തായി.