ഫയല്‍ ചിത്രം.
ഇന്ത്യ തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കാതെ ബംഗ്ലാദേശ്. രാജ്യത്തിന്‍റെ പരമാധികാരത്തിന് എതിരെയുള്ള ആക്രമണമെന്നും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശിന്‍റെ നടപടി. ചൊവ്വാഴ്ച ഇന്ത്യ തിരിച്ചയച്ച 67 പേരില്‍ 13 പേര്‍ ബുധനാഴ്ച രാവിലെ മുതല്‍ സീറോ ലൈനില്‍ കുടുങ്ങി കിടക്കുകയാണ്.
ഇന്ത്യന്‍ അതിര്‍ത്തി സേന, ഇന്ത്യക്കാരെയും റോഹിങ്ക്യന്‍ അഭയാര്‍ഥികളെയും ബംഗ്ലാദേശിലേക്ക് തള്ളിവിടുകയാണെന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങളുടെ വാദം. മേയ് ഏഴു വരെ 800 ലധികം ഇന്ത്യക്കാരെയും റോഹിന്‍ക്യന്‍ അഭയാര്‍ഥികളെയും ബംഗ്ലാദേശിലേക്ക് തള്ളിവിട്ടെന്നാണ് ധാക്ക ആസ്ഥാനമായുള്ള ന്യൂഏജ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബുധനാഴ്ച പുലർച്ചെ ലാൽമോനിർഹത് ജില്ലയിലെ ആറ് വ്യത്യസ്ത അതിർത്തി പോയിന്റുകളിലൂടെ 57 പേരെ ബംഗ്ലാദേശിലേക്ക് അയക്കാന്‍ ബിഎസ്എഫ് ശ്രമിച്ചെന്നും ഇത് ഗ്രാമീണരുടെ പിന്തുണയോടെ ബംഗ്ലാദേശ് ബോര്‍ഡര്‍ ഗാര്‍ഡ് (ബിജിബി) തടഞ്ഞെന്നുമാണ് എന്ന് വാർത്താ ഏജൻസിയായ യുണൈറ്റഡ് ന്യൂസ് ഓഫ് ബംഗ്ലാദേശ് റിപ്പോർട്ട് ചെയ്തു.
സ്ത്രീകളും കുട്ടികളും അടക്കം 13 പേര്‍ ലാൽമോനിർഹതിലെ സീറോ ലൈനില്‍ കുടുങ്ങിയിരിക്കുകയാണെന്നും ഇവര്‍ക്ക് ബംഗ്ലാദേശിലേക്ക് കടക്കാന്‍ സാധിക്കുന്നില്ലെന്നും ഇന്ത്യ തിരികെ സ്വീകരിക്കുന്നില്ലെന്നുമാണ് ദി ഡെയ്‍ലി സ്റ്റാറിന്‍റെ റിപ്പോര്‍ട്ട്. പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിനോട് ചേര്‍ന്നുള്ള ബംഗ്ലാദേശിലെ അതിര്‍ത്തി ഗ്രാമമാണ് ലാൽമോനിർഹത്.
രേഖകളില്ലാത്തവരെ ബംഗ്ലാദേശിലേക്ക് തിരികെ അയക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ആവശ്യമെങ്കില്‍ സൈന്യം ഇടപെടുമെന്നും ബംഗ്ലാദേശ് സൈനിക ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തിയിലെ പുതിയ സംഭവങ്ങള്‍. 2016 ല്‍ രാജ്യസഭയില്‍ വച്ച കണക്കുപ്രകാരം രാജ്യത്ത് രണ്ടു കോടി ബംഗ്ലാദേശ് കുടിയേറ്റക്കാരുണ്ട്. ഈ വര്‍ഷം ഏപ്രില്‍ 30 വരെ നൂറോളം ബംഗ്ലാദേശി കുടിയേറ്റക്കാരെയാണ് ഇന്ത്യ ബംഗ്ലാദേശ് ബോര്‍ഡര്‍ ഗാര്‍ഡിന് കൈമാറിയിട്ടുണ്ട്.
ബിഎസ്എഫ് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന വാര്‍ത്ത അറിഞ്ഞാണ് ബോര്‍ഡര്‍ ഗാര്‍ഡും ഗ്രാമീണരും അതിര്‍ത്തിയിലെത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ബിഎസ്ഫുമായി ഫ്ലാഗ് മീറ്റിങിന് ശ്രമിച്ചെന്നും പ്രതികരണമുണ്ടായിട്ടില്ലെന്നും ബിജിബി ബറ്റാലിയന്‍ കമാന്‍ഡര്‍ അബ്ദുസ് സലാം ഡെയ്‍ലി സ്റ്റാറിനോട് പറഞ്ഞു.
നേരത്തെ അതിർത്തിയിൽ മുള്ളുവേലികൾ സ്ഥാപിക്കുന്നതിൽ നിന്ന് ഇന്ത്യയെ ബിജിബി തടഞ്ഞു. ഈ വർഷം ജനുവരിയില്‍ വേലിയെ ചൊല്ലി ബിജിബിയും ബിഎസ്എഫും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. 4096.7 കിലോ മീറ്റര്‍ നീണ്ട അതിര്‍ത്തിയാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ളത്. ഇതില്‍ 3,232 കിലോമീറ്റര്‍ മുള്ളുവേലി സ്ഥാപിച്ചതായി ഫെബ്രുവരിയില്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.