• കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് ഭൗമമന്ത്രാലയം
  • വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് സെക്രട്ടറി എം. രവിചന്ദ്രൻ മനോരമ ന്യൂസിനോട്
  • 'ജൂൺ മുതൽ സെപ്റ്റംബർ വരെ സാധാരണയിൽ കൂടുതൽ മഴ ലഭിച്ചേക്കും'

കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് ഭൗമ മന്ത്രാലയം. ചിലയിടങ്ങളിലെങ്കിലും വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും ഭൗമ മന്ത്രാലയസെക്രട്ടറി എം. രവിചന്ദ്രൻ മനോരമ ന്യൂസിനോട് പറഞ്ഞു. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള തെക്കുപടിഞ്ഞാറൻ കാലവർഷ  മാസങ്ങളിലെല്ലാം സാധാരണയിൽ കൂടുതൽ മഴ കേരളത്തിൽ ലഭിച്ചേക്കുമെന്നാണ് കണക്കുകൂട്ടൽ.

ജൂൺ ഒന്നിന്ന് എത്തേണ്ട തെക്കുപടിഞ്ഞാറൻ കാലവർഷം 16 കൊല്ലത്തിനിടെ ആദ്യമായി 8 ദിവസം മുൻപേ പെയ്തു തുടങ്ങി. ഈ ശക്തമായ പെയ്ത്ത് കുറച്ചധികം ദിവസം ഉണ്ടാകുമെന്ന് ഭൗമ മന്ത്രാലയ സെക്രട്ടറി എം രവിചന്ദ്രൻ. ശക്തമായ മഴ തുടരുന്നത് ചിലയിടത്തെങ്കിലും വെള്ളപ്പൊക്കത്തിന് ഇടയാക്കാം .

തെക്കുപടിഞ്ഞാറൻ കാലവർഷത്തിന് അനുകൂലമാകുന്ന ഒന്നിലധികം ഘടകങ്ങൾ ഒരേസമയം ശക്തമായത്തുമ്പോഴാണ് മഴ നേരത്തെ തുടങ്ങുന്നത്. ജൂണിൽ മാത്രമല്ല പിന്നീടുള്ള മൂന്ന് മാസവും  സാധാരണത്തേതിലും അധികം മഴ ലഭിച്ചേക്കും എന്നാണ്  കണക്കുകൂട്ടൽ.  

പസഫിക് സമുദ്രത്തിലെ ഉഷ്ണജല പ്രവാഹങ്ങളുടെ ശക്തി കുറഞ്ഞിരിക്കുന്നതിനാൽ തെക്കുപടിഞ്ഞാറൻ കാലവർഷത്തെ പ്രതികൂലമായി ബാധിക്കില്ല. ഇത് രാജ്യത്തെ കാർഷിക മേഖലയ്ക്ക് ഗുണപ്രദമായേക്കും. തെക്കുപടിഞ്ഞാറൻ കാലവർഷം ഇത്തവണ ദീർഘകാല ശരാശരിയുടെ 106 ശതമാനമായിരിക്കുമെന്നും ഭൗമ മന്ത്രാലയം അറിയിച്ചു.

ENGLISH SUMMARY:

Heavy rains are expected to continue in Kerala in the coming days, according to the Ministry of Earth Sciences. M. Ravichandran, Secretary of the Ministry, told Manorama News that there is a possibility of flooding in some areas and urged people to remain cautious. Estimates suggest that Kerala may receive above-normal rainfall throughout the southwest monsoon months from June to September.