mumbai

TOPICS COVERED

മൺസൂൺ പ്രതീക്ഷിച്ചതിലും നേരത്തെ എത്തിയതിന് പിന്നാലെ കനത്ത മഴയില്‍മുങ്ങി മുംബൈ നഗരം. 107 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന അളവ് മഴയാണ് ഇന്നലെ നഗരത്തിൽ പെയ്തിറങ്ങിയത്. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ റെഡ് അലർട്ട് തുടരുകയാണ്.  പ്രതീക്ഷിച്ചതിലും നേരത്തെയെത്തിയ മണ്‍സൂണ്‍ നഗരത്തെ ഗുരുതരമായാണ് ബാധിച്ചത്. റോഡ്, വ്യോമ, ട്രെയിൻ ഗതാഗതം താറുമാറായി. ലോക്കൽ ട്രെയിനുകളെല്ലാം വൈകിയാണ് ഓടുന്നത്. ട്രാക്കുകൾ വെള്ളം കേറിയതോടെ നിരവധി സർവീസുകൾ റദ്ദാക്കി. മെട്രോ സർവീസുകളെയും മഴ ബാധിച്ചു.  

കനത്ത മഴയിൽ റൺവേയിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് വിമാന സർവീസുകളും വൈകി. ബി. കെ. സിയിൽ വ്യാപകമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ദക്ഷിണ മുംബൈയുടെ വിവിധഭാഗങ്ങളില്‍ 200 മില്ലിമീറ്ററില്‍ കൂടല്‍ മഴ ലഭിച്ചതായി മുംബൈ മുനിസിപ്പില്‍ കോര്‍പറേഷനിൽ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം,മഴക്കാല മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ജൂൺ 7നകം പ്രശ്നങ്ങൾ പരിഹരിക്കണമെന്ന്  ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തീരദേശ മേഖലകളിലും ഗ്രാമ നഗര പ്രദേശങ്ങളിലും കനത്ത മഴയാണ് ലഭിച്ചത്. കാർഷിക മേഖലയിൽ വ്യാപകമായ നാശനഷ്ടം റിപ്പോർട് ചെയ്തു. പലയിടത്തും രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.  

ENGLISH SUMMARY:

Mumbai has been severely impacted by the monsoon, which arrived earlier than expected. The city recorded its highest rainfall in 107 years, leading to widespread flooding. Transport systems including roads, flights, and local trains have been disrupted, with several services delayed or cancelled due to waterlogged tracks. Red alerts remain in place across parts of Maharashtra.