സുരക്ഷാസേന വധിച്ച മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി ബസവരാജുവിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തേക്കില്ല. മൃതദേഹം ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഛത്തീസ്‍ഗഡ് പൊലീസിനെ സമീപിച്ചു. അതേസമയം മാവോയിസ്റ്റ് കമാന്‍ഡര്‍ മാദ്‌വി ഹിദ്‍മയെ ലക്ഷ്യമിട്ട് ബസ്‍തര്‍ മേഖലയില്‍ വ്യാപക തിരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് നിരോധിത സംഘടനയായ സിപിഐ – മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി നംബാല കേശവ റാവുവെന്ന ബസവരാജുവിനെ ഛത്തീസ്‍ഗഡിലെ നാരായണ്‍പൂരില്‍ മറ്റ് 26 മാവോയിസ്റ്റുകള്‍ക്കൊപ്പം സേന വധിച്ചത്. ആന്ധ്രാ ശ്രീകാകുളം സ്വദേശിയായ ബസവരാജുവിന്‍റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്മാരകം നിര്‍മിക്കുന്നതും മൃതദേഹം വഹിച്ചുള്ള വിലാപയാത്രയും ബസവരാജുവിനെ മഹത്വവല്‍ക്കരിക്കുന്നതിന് തുല്യമാകുമെന്ന് വിലയിരുത്തലുണ്ട്. ജമ്മു കശ്മീരില്‍ വധിക്കുന്ന ഭീകരരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ, എന്നാല്‍ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ സേന നിശ്ചയിക്കുന്ന സ്ഥലത്ത് സംസ്കരിക്കാരുണ്ട്. ഈ രീതി ബസവരാജുവിന്‍റെ കാര്യത്തിലും അവലംബിച്ചേക്കുമെന്നാണ് വിവരം. മാവോയിസ്റ്റ് വിരുദ്ധ ദൗത്യങ്ങളില്‍ ഇതാദ്യമായാണ് ജനറല്‍ സെക്രട്ടറി പദവിയിലുള്ള ഒരാളെ സേന വധിച്ചത്.
ഛത്തീസ്‍ഗഡില്‍ മാവോയിസ്റ്റുകളുടെ മിലിറ്ററി ചീഫ് മാദ്‌വി ഹിദ്‍മയെ ഉന്നമിട്ടുള്ള സേനയുടെ തിരച്ചില്‍ തുടരുകയാണ്. രാജ്യത്തെ മാവോയിസ്റ്റുകളുടെ അവസാന ശക്തികേന്ദ്രമായ ബസ്‍തര്‍ മേഖലയിലാണ് തിരച്ചില്‍. മാവോയിസ്റ്റുകളുടെ മിലിറ്ററി ചീഫാണ് മാദ്‌വി ഹിദ്‍മ.