പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് മോശം പരാമർശം നടത്തിയെന്നാരോപിച്ച് നാടോടി ഗായിക നേഹ സിങ് റാത്തോറിനെതിരെ കേസ്. ഒരു ആക്ഷേപഹാസ്യ ഗാന വീഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് കേസ്. സാധന ഫൗണ്ടേഷൻ എന്ന സാമൂഹിക സംഘടനയുടെ പ്രസിഡന്‍റ് ഡോ. സൗരഭ് മൗര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിഗ്ര പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
റാത്തോർ പ്രധാനമന്ത്രിയെ ഭീരു, ജനറൽ ഡയർ എന്ന് വിളിച്ച് ആക്ഷേപിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. ഈ വിഡിയോ പാക്കിസ്ഥാനിലെ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്തതായും പരാതിയില്‍ പറയുന്നുണ്ട്. ഭാരതീയ ന്യായ് സംഹിതയിലെ 197(1)(എ) ദേശീയ ഐക്യത്തിന് ഹാനികരമായ പ്രവൃത്തി, 197(1)(ഡി) ദേശീയ ഐക്യത്തിന് ഭീഷണിയായ തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായതോ ആയ പ്രസ്താവനകൾ പ്രചരിപ്പിക്കുക , 353(2) ക്രമസമാധാനവും സാമൂഹിക ഐക്യവും തകർക്കുക എന്നീ വകുപ്പുകളാണ് നേഹക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആവിഷ്കാര സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതാണ് ഇത്തരം കേസുകള്‍ എന്നാണ് പലരും സാമൂഹ്യമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നത്. കലാസൃഷ്ടിയിലൂടെ ഭരണകൂടത്തോട് വിയോജിക്കാനുള്ള നേഹയുടെ അവകാശത്തെ പിന്തുണച്ചും പ്രതിരോധിച്ചും ഇതിനോടകം തന്നെ നിരവധിപേരാണ് രംഗത്ത് വന്നത്. എന്നാല്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെ പാക്കിസ്ഥാന് മുന്നില്‍ അപമാനിച്ചെന്ന് ആരോപിച്ച് നേഹക്കെതിരെ വലിയ സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്.