കേന്ദ്രസര്‍ക്കാരിനെതിരായ രാഷ്ട്രീയ ആരോപണങ്ങളില്‍ മറുപടി തേടിക്കൊണ്ട് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ ജെജെ എന്നു വിശേഷിപ്പിച്ചതിനെച്ചൊല്ലി വിവാദം. എസ് ജയശങ്കറിനെ എന്തുകൊണ്ട് ജെജെ എന്നു വിശേഷിപ്പിച്ചുവെന്നതിന് രാഹുലോ മറ്റു കോണ്‍ഗ്രസ് നേതാക്കളോ വിശദീകരണം നല്‍കിയില്ല.

ജെജെ വിശദീകരിക്കുമോ എന്ന ചോദ്യത്തോടെയാണ് രാഹുല്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത്. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടെയില്‍ മധ്യസ്ഥതയ്ക്ക് ട്രംപിനോട് ആവശ്യപ്പെട്ടത് ആരാണ്, ലോകരാജ്യങ്ങള്‍ ഇന്ത്യയേയും പാക്കിസ്ഥാനേയും ഒരുപോലെ കാണുന്നത് എന്തുകൊണ്ട് ,പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്കു പിന്തുണയുമായി ഒരു രാജ്യവും മുന്നോട്ട് വരാത്തത് എന്തുകൊണ്ട് എന്നിങ്ങനെ മൂന്ന് ചോദ്യങ്ങളും ചേര്‍ത്തിരുന്നു. 

ഇന്ത്യയുടെ വിദേശനയം തകര്‍ന്നുവെന്നും രാഹുല്‍ വിലയിരുത്തി. ജെജെ എന്നതില്‍ ഒന്ന് ജയശങ്കറും മറ്റൊന്നു ജോക്കറോ ജൂട്ടയെന്നോ ഒക്കെ ആകാമെന്നും കോണ്‍ഗ്രസ് വക്താക്കളില്‍ ഒരാള്‍ പ്രതികരിച്ചു. പക്വതയില്ലാത്തതാണ് രാഹുലിന്റെ പ്രതികരണമെന്നായിരുന്നു ബിജെപി പറഞ്ഞത്. പാക്കിസ്ഥാനില്‍ നിന്ന് അവരുടെ പരമോന്നത സിവിലിയന്‍ ബഹുമതി നേടാനുള്ള ശ്രമത്തിലാണ് രാഹുലെന്നും ബിജെപി പരിഹസിച്ചു. 

ENGLISH SUMMARY:

Controversy has erupted over Opposition leader Rahul Gandhi referring to External Affairs Minister S. Jaishankar as "JJ" while seeking a response to political allegations against the central government. Neither Rahul nor any other Congress leaders have explained why Jaishankar was referred to as "JJ."