purnam-kumar

പാക് കസ്റ്റഡിയിലായിരുന്ന ബിഎസ്എഫ് ജവാൻ പൂർണം കുമാറിന്‍റെ വരവ് വമ്പൻ ആഘോഷമാക്കി  ഗ്രാമം.ബംഗാളിലെ ഹൂഗ്ലിയിലേക്ക് ട്രെയിൻ മാർഗം എത്തിയ പൂർണത്തെ ഘോഷയാത്രയായാണ് ഗ്രാമത്തിലേക്ക് കൊണ്ടുപോയത്.

എന്തും സംഭവിച്ചേക്കാമെന്ന മൂന്നാഴ്ച നീണ്ട ഭയപ്പാടിന്ന്  വിരാമിട്ട്  ഈ മാസം  14 ന് അട്ടാരി - വാഗ അതിർത്തി വഴി പൂർണം കുമാറുമായുള്ള സേന വാഹനം ഇന്ത്യൻ മണ്ണിലേക്ക് കടന്നപ്പോൾ ആഹ്ലാദിച്ചത് രാജ്യം ഒന്നടങ്കമാണ്. പിന്നീടുള്ള കാത്തിരിപ്പ്   പൂർണ്ണത്തിന്‍റേതായിരുന്നു.  സുദീർഘമായ സേനാ നടപടികൾക്കും പരിശോധനകൾക്കും ശേഷം ആ നിമിഷം എത്തി.  മണിക്കൂറുകൾ നീണ്ട  യാത്രയ്ക്കൊടുവിൽ ട്രെയിൻ ഹൂഗ്ലി സ്റ്റേഷനിൽ നിർത്തി. വികാരാധീനനാകാതിരിക്കാൻ  മാസ്കുമണിഞ്ഞ് പൂർണം കുമാർ സ്‌റ്റേഷനിലേക്കിറങ്ങി.

ഭാരത് മാതാ കീ ജയ് വിളികൾക്കിടയിൽ കാത്തുനിന്ന പിതാവ് ഭോലെ നാഥ് ഷായെ ചേർത്തു പിടിച്ചു.  നിയന്ത്രണങ്ങൾ ഏറെയുള്ളതിനാൽ ചുരുങ്ങിയ വാക്കുകളിൽ മറുപടി. റിഷ്ര ഗ്രാമത്തിലെ വീടെത്തും വരെ  മുദ്രാവാക്യം വിളികളോടെ ജനം കാത്തു നിന്നു. ഗർഭിണിയായ ഭാര്യ രജനി ഇഷ്ട ഭക്ഷണങ്ങൾ ഒരുക്കി. 

ഇന്ത്യ പാക്ക് സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഫിറോസ്പൂർ രാജ്യാന്തര അതിർത്തി BSF ജവാനായ പൂർണ്ണം അബദ്ധത്തിൽ കടക്കുന്നത്. പാക് റേഞ്ചേഴ്സ് പിടികൂടിയ പൂർണത്തെ ഏറെ ചർച്ചകൾക്ക് ശേഷമാണ് ഇന്ത്യയ്ക്ക് കൈമാറിയത്.

ENGLISH SUMMARY:

BSF jawan Purnam Kumar, who was in Pakistani custody, received a grand welcome in his village in Hooghly, West Bengal. He arrived by train and was escorted home in a celebratory procession by the villagers.