വര്‍ഷങ്ങളായി കടുവാഭീതിയില്‍ കഴിയുകായിരുന്നു ആസാമിലെ ഗോലാഘട്ട് ജില്ലയിലെ ഒരു ഉള്‍നാടന്‍ ഗ്രാമം. കടുവ ഗ്രാമത്തിലേക്ക് വന്ന് വളര്‍ത്തുമൃഗങ്ങളെ പിടിച്ചുകൊണ്ടുപോകും. ഈ വര്‍ഷം മാത്രം മൂന്ന് തവണയാണ് കടുവ ഗ്രാമത്തിലിറങ്ങിയത്. കടുവ ഇറങ്ങുന്നത് വളര്‍ത്ത് മൃഗങ്ങള്‍ക്ക് മാത്രമല്ല ജനങ്ങള്‍ക്കും ഭീഷണിയായിരുന്നു.
വനംവകുപ്പിന് ഒരു കടുവയുടെ ജഢം ലഭിച്ചത് വഴിയാണ് വാര്‍ത്ത പുറത്തുവരുന്നത്. കടുവയുടെ ശരീരം പരിശോധിച്ച വനംവകുപ്പ് അതിശയിച്ചു. കടുവയുടെ ശരീരത്തില്‍ വെടിയേറ്റ പാടുകളില്ല പക്ഷെ ധാരാളം വെട്ടിമുറിച്ച പാടുകളുണ്ട്. കൂടാതെ തൊലിയുടെ കുറേ ഭാഗങ്ങളും മുഖവും കാലുകളും കാണാനില്ലായിരുന്നു. സംഭവത്തിന്‍റെ ഗൗരവം മനസിലാക്കി കാരണം അന്വേഷിച്ച വനംവകുപ്പിന് ഒടുവില്‍ കാര്യം പിടികിട്ടുകയായിരുന്നു.
ഗ്രാമത്തിലിറങ്ങിയ കടുവയെ ആയിരക്കണക്കിന് ആളുകള്‍ ഒന്നിച്ച് ആക്രമിക്കുകയായിരുന്നു. വടികൊണ്ടും വെട്ടുകത്തി കൊണ്ടും അരിവാള്‍ കൊണ്ടും അവര്‍ കടുവയെ ആക്രമിച്ചു. പരുക്കേറ്റ കടുവ ചാവുകയും ചെയ്തു. അസമിലെ പ്രശസ്തമായ കാസിരംഗ ദേശീയോദ്യാനത്തിന്‍റെ 20 കിലോമീറ്ററിനടുത്ത് വച്ചാണ് കടുവ ചത്തത്.
സംഭവത്തിന് പിന്നാലെ കടുവയുടേതെന്ന് പറയപ്പെടുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംരക്ഷിത ജീവിവര്‍ഗമായ കടുവകള്‍ കൂട്ടത്തോടെ തിങ്ങിപ്പാര്‍ക്കുന്ന ദേശീയോദ്യാനമാണ് കാസിരംഗ. പ്രദേശത്ത് ഇതിന് മുന്‍പും കടുവകളും സാധാരണക്കാരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ട്.