TOPICS COVERED

എഴുപത്തൊന്‍പതാമത് സന്തോഷ് ട്രോഫി ടൂര്‍ണമെന്റിനായി കേരള ഫുട്ബോള്‍ ടീം അസമിലെത്തി. വ്യാഴാഴ്ച പഞ്ചാബിനെതിരായാണ് കേരളത്തിന്റെ ആദ്യ മല്‍സരം. കഴിഞ്ഞതവണ ഫൈനലില്‍ കൈവിട്ട കിരീടം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം.സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ മികവുതെളിയിച്ച യുവതാരങ്ങളും പരിചയസമ്പന്നരും ഒത്തുചേര്‍ന്നതാണ് ടീം.  22 അംഗ ടീമിനെ തുടര്‍ച്ചയായ രണ്ടാം തവണയും കേരള പൊലീസ് താരം ആലുവ സ്വദേശി ജി.സഞ്ജുവാണ് നയിക്കുന്നത്. 

ആറാം തവണ സന്തോഷ് ട്രോഫി കളിക്കുന്ന ക്യാപ്റ്റനൊപ്പം മുന്‍പ് സന്തോഷ് ട്രോഫി കളിച്ച 13 താരങ്ങളാണ് ടീമിലുള്ളത്. സർവീസസ്, റെയിൽവേസ്, പഞ്ചാബ്, ഒഡീഷ, മേഘാലയ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് കേരളം. അസമിലെ സിലാപത്തർ സ്റ്റേഡിയത്തിൽ, ശക്തരായ പഞ്ചാബിനെതിരെ വ്യാഴാഴ്ച രാവിലെ ഒന്‍പതിനാണ് ആദ്യ പോരാട്ടം. 

24 ന് റെയിൽവേസിനെയും 26ന് ഒഡീഷയെയും 29ന് മേഘാലയയെയും നേരിടും. 31 ന് അവസാന ഗ്രൂപ്പ് മത്സരത്തിൽ സർവീസസാണ് കേരളത്തിന്റെ എതിരാളികൾ. കഴിഞ്ഞവര്‍ഷം ഫൈനലില്‍ കേരളത്തെ പരാജയപ്പെടുത്തിയ ബംഗാള്‍,  തമിഴ്നാട്, ഉത്തരാഖണ്ഡ്, നാഗാലാൻഡ്, രാജസ്ഥാൻ, അസം  എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എ യിലാണ്.

സമുദ്രനിരപ്പില്‍ നിന്ന്  2100 അടി ഉയരത്തിലുള്ള വയനാട്ടിലെ ജില്ലാ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയശേഷമാണ് 1500 മുതല്‍ 3300 അടിവരെ ഉയരത്തിലുള്ള അസമിലെ സ്റ്റേഡിയങ്ങളിലേക്ക് കേരള ടീം പോരിനിറങ്ങുന്നത്. 2022ൽ ആണ് ഒടുവിൽ കേരളം ചാംപ്യന്മാരായത്. ഇതുവരെ 7 തവണ ചാംപ്യന്മാരും 9 തവണ റണ്ണറപ്പുമായിട്ടുണ്ട്.

ENGLISH SUMMARY:

Kerala Football Team is participating in the Santosh Trophy tournament held in Assam. The team aims to reclaim the title they narrowly missed winning last time.