ടാക്സി ഡ്രൈവര്‍മാരെ തേടിപ്പിടിച്ച് കൊലപ്പെടുത്തി മൃതദേഹങ്ങള്‍ മുതലകള്‍ക്ക് തിന്നാന്‍ വലിച്ചെറിഞ്ഞുകൊടുക്കുക, ഇതാണ് സീരിയല്‍ കില്ലര്‍ ദേവേന്ദര്‍ ശര്‍മയുടെ രീതി. ഡല്‍ഹി, രാജസ്ഥാന്‍,ഹരിയാന എന്നിവിടങ്ങളിലായി ഏഴ് വ്യത്യസ്ത കേസുകളില്‍ ഇയാള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചിട്ടുണ്ട്. പരോളിലിറങ്ങി മുങ്ങിയ ശര്‍മയെ പൊലീസ് പിടികൂടി.
2023ഓഗസ്റ്റിലാണ് ദേവേന്ദര്‍ ശര്‍മയ്ക്ക് പരോള്‍ ലഭിച്ചത്. അന്നു മുങ്ങിയ ശര്‍മയെ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് രാജസ്ഥാന്‍ പൊലീസ് പിടികൂടുന്നത്. രാജസ്ഥാനിലെ ദൗസയിലെ ആശ്രമത്തില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ഡോക്ടര്‍ ഡെത്ത് എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. ബിഎഎംഎസ് ബിരുദം നേടിയ ശര്‍മ 2002നും 2004നും ഇടയില്‍ ഒട്ടേറെ ടാക്സി–ട്രക്ക് ഡ്രൈവര്‍മാരെ കൊലപ്പെടുത്തിയ കേസില്‍ തിഹാര്‍ ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിച്ചു വരികയായിരുന്നു.
തെളിവുകള്‍ ഇല്ലാതാക്കാന്‍ ഇരകളുടെ മൃതദേഹങ്ങള്‍ ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലുള്ള ഹസാര കനാലിലെ മുതലകള്‍ നിറഞ്ഞ വെള്ളത്തില്‍ ഉപേക്ഷിക്കുന്നതിലൂടെ ഇയാള്‍ കുപ്രസിദ്ധനായിരുന്നു. വ്യാജയാത്രകള്‍ക്കായി ഡ്രൈവര്‍മാരെ വിളിക്കുന്നതായിരുന്നു ഇയാളുടെ ശൈലി. ആളൊഴിഞ്ഞ മേഖലയിലെത്തുമ്പോള്‍ ഡ്രൈവര്‍മാരെ വധിക്കും. തട്ടിയെടുക്കുന്ന വാഹനങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കും. തുടര്‍ച്ചയായ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 2004ലാണ് ശര്‍മ ആദ്യം അറസ്റ്റിലാവുന്നത്.