Banu Mushtaq, author of 'Heart Lamp' holds the trophy after winning the International Booker Prize, in London, Tuesday, May 20, 2025.(AP Photo/Alberto Pezzali)
കന്നഡ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ബാനു മുഷ്താഖിന് ഇന്റർനാഷനൽ ബുക്കർ പ്രൈസ്. ദക്ഷിണേന്ത്യയിലെ സ്ത്രീകളുടെ ദൈനംദിന ജീവിതത്തെയും പോരാട്ടങ്ങളെയും വിവരിക്കുന്ന 12 ചെറുകഥകളുടെ സമാഹാരമായ ‘ഹാർട്ട് ലാംപി’നാണ് ബാനു മുഷ്താഖ് പുരസ്കാരത്തിന് അര്‍ഹയായത്. 30 വർഷത്തിലേറെയായി എഴുതിയ കഥകളുടെ സമാഹാരമാണിത്. മറ്റു ഭാഷകളിൽ നിന്ന് ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്യപ്പെടുന്ന പുസ്തകങ്ങൾക്കാണു ബുക്കർ ഇന്റർനാഷനൽ പുരസ്കാരം ഏര്‍പ്പെടുത്തിയത്. മാധ്യമപ്രവർത്തക കൂടിയായ ദീപ ബസ്തിയാണ് കഥാസമാഹാരം ഇംഗ്ലിഷിലേക്കു മൊഴിമാറ്റം നടത്തിയത്. 55 ലക്ഷം രൂപയാണ് സമ്മാനത്തുക രചയിതാവിനും വിവർത്തനം ചെയ്യുന്നയാൾക്കും ഈ തുക പങ്കിട്ടുനല്‍കും. ഓരോരുത്തർക്കും ഒരു ട്രോഫിയും സമ്മാനമായി നൽകും.
Banu Mushtaq, author of 'Heart Lamp', right, and Deepa Bhasthi hold the trophies after winning the International Booker Prize, in London, Tuesday, May 20, 2025.(AP Photo/Alberto Pezzali)
ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച സോൾവായ് ബാലിന്റെ ‘ഓൺ ദ് കാൽക്കുലേഷൻ ഓഫ് വോള്യം വൺ’, വിൻസന്റ് ദി ലക്വയുടെ ‘സ്മോൾ ബോട്ട്’, ഹിരോമി കവകാമിയുടെ ‘അണ്ടർ ദി ഐ ഓഫ് ദ് ബിഗ് ബേഡ്’, വിൻ സെൻസോ ലാട്രോനികോയുടെ ‘പെർഫെക്ഷൻ’, ആൻ സേറയുടെ ‘എ ലെപേഡ് സ്കിൻ ഹാറ്റ്’ എന്നിവയെ പിന്തള്ളിയാണ് ഹാര്‍ട്ട് ലാംപ് പുരസ്കാരം നേടിയത്. ഒരു ചെറുകഥാ സമാഹാരത്തിന് പുരസ്‌കാരം നൽകുന്നത് ഇതാദ്യമായാണ്. 1990 മുതൽ 2023 വരെയുള്ള കാലയളവിലെ കഥകളാണ് പുസ്തകത്തിലുള്ളത്.
എഴുത്തുകാരൻ മാക്സ് പോർട്ടർ ആണ് അവാർഡ് പ്രഖ്യാപിച്ചത്. കന്നഡയിൽ എഴുതിയ പുസ്തകത്തിന്‍റെ വിവര്‍ത്തനവും ഉപയോഗിച്ച തീവ്രമായ ഭാഷയും ജൂറി അംഗങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. ഇതിന് മുന്‍പ് കർണാടക സാഹിത്യ അക്കാദമി പുരസ്കാരം, ദാനചിന്താമണി അത്തിമബ്ബ പുരസ്കാരം തുടങ്ങിയവ ബാനു മുഷ്താഖിന് ലഭിച്ചിട്ടുണ്ട്. 2022ലെ ഇന്റർനാഷനൽ ബുക്കർ ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ ‘ടൂം ഓഫ് സാൻഡി’നായിരുന്നു.