നാലാമത് നിയമസഭ രാജ്യാന്തര പുസ്തമേളയ്ക്ക് ഇന്ന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വര്‍ഷത്തെ രാജ്യന്തര ബുക്കര്‍ പ്രൈസ് വിജയി ബാനു മുഷ്താഖ് മുഖ്യാതിഥിയാകും. അടുത്ത ഒരാഴ്ച നിയമസഭ മന്ദിരം വായനയുടെയും ജനാധിപത്യ സംവാദങ്ങളുടെയും വേദിയാകും. 

മൂന്ന് വര്‍ഷം മുമ്പ് സ്പീക്കര്‍ എ.എന്‍ ഷംസീറിന്‍റെ സ്വന്തം താല്‍പര്യത്തില്‍ തുടക്കം കുറിച്ചതാണ് കേരള നിയമസഭയുടെ രാജ്യാന്തര പുസ്തകമേള. അരങ്ങേറ്റത്തില്‍ തന്നെ മേള ഹിറ്റായി. പിന്നെ വര്‍ഷാവര്‍ഷം മുടങ്ങാതെ അക്ഷരങ്ങളുടെയും സംവാദങ്ങളുടെയും ലോകത്തേക്ക് നിയസമഭയുടെ കവാടങ്ങള്‍ മലര്‍ക്കെ തുറന്നിട്ടു. 

മേളയുടെ നാലാം പതിപ്പിന് രാവിലെ 11ന്, ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിതെളിക്കും. കഴിഞ്ഞ വര്‍ഷത്തെ രാജ്യാന്തര ബുക്കര്‍ പ്രൈസ് നേടിയ കന്നഡ എഴുത്തുകാരി ബാനു മുഷ്താഖ് ആണ് മുഖ്യാതിഥി. എഴുത്തുകാരന്‍ എന്‍.എസ് മാധവന് നിയമസഭ പുരസ്കാരം നല്‍കി മുഖ്യമന്ത്രി ആദരിക്കും. 

രാജ്യാന്തര, ദേശീയ, സംസ്ഥാന തലത്തില്‍ പ്രസിദ്ധി നേടിയവ 170 പ്രസാധകരുടെ സ്റ്റാളുകള്‍ മേളയിലുണ്ടാകും. എഴുത്തുകാരും, നിരൂപകരും, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന ചര്‍ച്ചകളാലും കലാ സന്ധ്യകളാലും സമ്പന്നമായിരിക്കും പുസ്തക മേള. നൂറിലധികം പുസ്തകങ്ങളടെ പ്രകാശനവും വിവിധ വേദികളില്‍ നടക്കും. 

ENGLISH SUMMARY:

Kerala Legislative Assembly Book Fair is starting today with Banu Mushtaq as the chief guest. This book fair will host 170 publishers and feature discussions with writers, critics, and political figures.