രണ്ടാമൂഴം സിനിമയായി കാണണമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനാകാതെയാണ് എം.ടിയെന്ന ഇതിഹാസം യാത്രയായത്. എംടി സ്വന്തം കൈപ്പടയില്‍ എഴുതിവച്ച ആ തിരക്കഥ സിനിമയാക്കാന്‍ പ്രമുഖ സംവിധായകരടക്കം പലതവണ സമീപിച്ചെങ്കിലും ആ സിനിമാ ചര്‍ച്ചകളെല്ലാം പാതിവഴിയില്‍ നിലയ്ക്കുകയാണുണ്ടായത്.
രണ്ടാമൂഴം, എംടിയെന്ന വിഖ്യാത സാഹിത്യകാരന്‍റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിലൊന്ന്. മഹാഭാരത കഥയില്‍ നിന്ന് വേറിട്ട് ഭീമന് നായകവേഷം കല്‍പ്പിച്ചുകൊടുത്ത രണ്ടാമൂഴം. അത് സിനിമയായി കാണണമെന്ന് അത്രമേല്‍ ആഗ്രഹിച്ചിരുന്നു എംടി. എന്നാല്‍ അത് സംഭവിച്ചില്ല. ഒരുപാട് സംവിധായകര്‍ ആഗ്രഹിച്ച ആ തിരക്കഥ സിനിമയാക്കാന്‍ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോനെ എംടി ഇടയ്ക്കൊന്ന് തിരഞ്ഞെടുത്തു . എന്നാല്‍ വലിയ തര്‍ക്കത്തിലും വിവാദത്തിലും കോടതി വ്യവഹാരത്തിലുമാണ് അതവസാനിച്ചത്. അതിന് ശേഷം തിരിച്ചുവാങ്ങിയ തിരക്കഥ മറ്റൊരാളെ ഏല്‍പ്പിക്കാനുള്ള വ്യഗ്രതയിലായിരുന്നു അവസാനകാലം. എന്നാല്‍ അതിനുള്ള അവസരം കാലം ഒരുക്കിയില്ല.
ഹരിഹരനെയായിരുന്നു സംവിധായകനായി ആദ്യം എംടി മനസില്‍ കണ്ടത്. അപ്പോള്‍ ഭീമനായി മോഹന്‍ലാലിന്‍റെ പേര് പറഞ്ഞുകേട്ടിരുന്നു. സംവിധായകര്‍ മാത്രമല്ല, തെന്നിന്ത്യയിലെ പ്രമുഖ നിര്‍മാതാക്കളും രണ്ടാമൂഴം ഏറ്റെടുക്കാന്‍ തയ്യാറാണ് എന്നതുകൊണ്ട് തന്നെ സിനിമ അധികം വൈകാതെ യാഥാര്‍ഥ്യമാകുമെന്ന് പ്രതീക്ഷിക്കാം. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് എംടിയുടെ കുടുംബവും പറയുന്നു.