വിദേശരാജ്യങ്ങളിലേക്കുള്ള സര്‍വകക്ഷി സംഘത്തെച്ചൊല്ലി ഇന്ത്യ സഖ്യത്തില്‍ അഭിപ്രായഭിന്നത രൂക്ഷം. സര്‍വകക്ഷി സംഘത്തെ അയക്കുന്ന സര്‍ക്കാര്‍ നടപടി ഗൗരവമുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. എന്നാല്‍ രാഷ്ട്രീയത്തിന് അതീതമായി ഒറ്റ മനസോടെയാണ് യാത്രയെന്ന് എന്‍സിപി നേതാവ് സുപ്രിയ സുലെ പറഞ്ഞു. ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെട്ട ആദ്യസംഘം യാത്ര തിരിച്ചു.
ഭീകരവാദത്തിനെതിരെ രാജ്യത്തിന്‍റെ ഒറ്റക്കെട്ടായുള്ള നിലപാടിന്‍റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് ഒരു സര്‍വകക്ഷി സംഘത്തെ നയിക്കുന്ന സുപ്രിയ സുലെ അഭിപ്രായപ്പെട്ടു. ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനവും സര്‍വകക്ഷിയോഗവും വിളിക്കാത്ത സര്‍ക്കാരിന്‍റെ പിആര്‍ പരിപാടിയാണ് യാത്രയെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് കുറ്റപ്പെടുത്തി. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ എവിടയെന്ന ചോദ്യവും കോണ്‍ഗ്രസ് ഉയര്‍ത്തി.
അതേസമയം, ഇന്ത്യ–പാക് സംഘര്‍ഷ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലേക്ക് പോവുന്ന സര്‍വകക്ഷി സംഘത്തിലെ ആദ്യസംഘം യാത്ര പുറപ്പെട്ടു. സഞ്ജയ് കുമാര്‍ ഝായുടെ നേതൃത്വത്തിലുള്ള സംഘം, ജപ്പാന്‍, കൊറിയ, സിംഗപ്പൂര്‍, ഇന്തോനീഷ്യ, മലേഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ജോണ്‍ ബ്രിട്ടാസ് സംഘത്തിലുണ്ട്. ഇ.ടി.മുഹമ്മദ് ബഷീര്‍ അംഗമായ രണ്ടാം സംഘം രാത്രി യാത്ര തിരിക്കും. യുഎഇ, കോംഗോ, സിയേറ ലിയോണ്‍, ലൈബീരിയ എന്നീ രാജ്യങ്ങളിലാണ് ഈ സംഘമെത്തുക.