jyothi-malhotra-pakistan-tie

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ ഹൈകമ്മീഷനിലേക്ക് കേക്കുമായെത്തിയ ആളുമായി യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്ക്ക് ബന്ധമെന്ന് റിപ്പോര്‍ട്ട്. ജ്യോതിയുടെ പഴയ യൂട്യൂബ് വിഡിയോയയില്‍ ഈ വ്യക്തിയും ജ്യോതിയും ഒന്നിച്ച് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പാക്കിസ്ഥാനില്‍ വച്ചാണ് ജ്യോതി ഇയാളെ കണ്ടത്. 

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഒരു വ്യക്തി കേക്കുമായി ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ ഹൈകമ്മീഷനിലേക്ക് എത്തിയത്. കേക്കുമായി എത്തിയതിന്‍റെ ഉദ്ദേശ്യം സംബന്ധിച്ച് മാധ്യമങ്ങള്‍ ചോദ്യങ്ങളുയര്‍ത്തിയെങ്കിലും ഇയാള്‍ പ്രതികരിക്കാതെ കടന്നുകളയുകയായിരുന്നു.

പാക്കിസ്ഥാന്‍ കൂടാതെ ചൈനയും  ബംഗ്ലാദേശും ജ്യോതി സന്ദര്‍ശിച്ചിട്ടുണ്ട്. 2023 ഏപ്രിലിലാണ് ജ്യോതി ആദ്യമായി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചത്. 2024 ലും പാക്കിസ്ഥാനിലെത്തി. ഏറ്റവും അവസാനം ഈ വര്‍ഷം മാര്‍ച്ച് മാസത്തിലാണ് ജ്യോതി പാക്കിസ്ഥാനിലേക്ക് എത്തിയത്. ഇതിന് മുന്നോടിയായി ജ്യോതി പഹല്‍ഗാം സന്ദര്‍ശിച്ചിരുന്നു. ആക്രമണത്തിന് മൂന്നു മാസം മുന്‍പ് ജ്യോതി പഹല്‍ഗാമിലെത്തിയിരുന്നു എന്ന് മുന്‍ ജമ്മുകശ്മീര്‍ ഡിജിപി ശേഷ് പോൾ വൈദ് പറഞ്ഞു. 

പാക്കിസ്ഥാന്‍ ഹൈകമ്മിഷനിലെ ഉദ്യോഗസ്ഥന്‍ ഡാനിഷ് എന്ന എഹ്‌സാൻ ദാറുമായാണ് ജ്യോതി ബന്ധം പുലര്‍ത്തിയിരുന്നത്. എന്നാല്‍ ഇയാളുമായി ബന്ധമുണ്ടെന്ന വിവരം ജ്യോതി ചോദ്യം ചെയ്യലില്‍ നിഷേധിച്ചു. ഡാനിഷുമായുള്ള ചാറ്റുകള്‍ ജ്യോതി ഡിലീറ്റ് ചെയ്തിട്ടുണ്ട്. പാക്കിസ്ഥാന്‍ ഏജന്‍റില്‍ നിന്നും ലഭിച്ച സുപ്രധാന വിവരങ്ങള്‍ ചാറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി നല്‍കിയിരിക്കുകയാണ്. 

ENGLISH SUMMARY:

After the Pahalgam terror attack, a man arrived with a cake at the Pakistan High Commission in Delhi. He was previously seen in a video with YouTuber Jyoti Malhotra. Reports say Jyoti met him in Pakistan. Investigations are on, and authorities are examining deleted chats for possible links.